പാണ്ടിക്കുഴി റോഡ്
- Destination
- NuttyWays
- ©
തേക്കടിയിൽ നിന്നും വെറും അഞ്ച് കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഒരു അതിമനോഹര ഗ്രാമമാണ് പാണ്ടിക്കുഴി. ഒറ്റ നോട്ടത്തിൽ തന്നെ ചങ്കിൽ കയറിക്കൂടുന്ന ഒരിടമാണ് തേക്കടിക്ക് തൊട്ടടുത്തു കിടക്കുന്ന പാണ്ടിക്കുഴി. സഞ്ചാരികൾ ഒത്തിരിയൊന്നും എത്തിയിട്ടില്ലെങ്കിലും ഒരിക്കൽ വന്നുപോയാൽ പിന്നെയും പിന്നെയും വരാൻ തോന്നിപ്പിക്കുന്ന ഇടമാണിത്.
തമിഴ്നാട് അതിർത്തിയോട് ചേർന്നു സ്ഥിതി ചെയ്യുന്നതിനാൽ ഇവിടുത്തെ കാഴ്ചകൾക്കെല്ലാം ഒരു തമിഴ് മണമായിരിക്കും. തമിഴ്നാട്ടിൽ നിന്നുള്ള കാഴ്ചകളാണ് ഇവിടെ കൂടുതലും കാണുവാൻ സാധിക്കുക.
പാണ്ടിക്കുഴിയുടെ എടത്തു പറയേണ്ടുന്ന പ്രത്യേകതകളിലൊന്ന് ഇവിടുത്തെ ജീവജാലങ്ങളുടെ വൈവിധ്യമാണ്. എവിടെ നോക്കിയാലും പച്ചപ്പ് മാത്രം കാണുന്ന ഇവിടെ അത്രയധികം ജൈവവൈവിധ്യമുണ്ട്. കാഴ്ചകള്‍ ക്യാമറയിൽ പകർത്തുവാൻ പറ്റിയ ഒരിടമാണിത്.
അതിമനോഹരമായ ഈ നാടിന്‌റെ ഭൂപ്രകൃതി ഫ്രെയിമിലാക്കുകയാണ് ഇവിടെ എത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ലക്ഷ്യം. എത്ര പകർത്തിയാലും തീരാത്ത കാഴ്ചകൾ ഇവിടെയുണ്ട്. മലമുകളിൽ നിന്നുള്ള പ്രകൃതി ദൃശ്യങ്ങളാണ് ഏറ്റവും ആകർഷകമായത്.
ക്യാമറ കാഴ്ചകൾ കഴിഞ്ഞാൽ ട്രക്കിങ്ങിൽ താല്പര്യമുള്ളവരാണ് ഇവിടെ എത്തുന്നത്. തേക്കടിയുടെ വ്യത്യസ്തമായ കാഴ്ചകൾ കാണുവാൻ താല്പര്യമുള്ളവരെ ആകർഷിക്കുന്നതാണ് ഇവിടുത്തെ ട്രക്കിങ്ങ്. അടിവാരത്തിലെ കാഴ്ചകളും മലമുകളിലെ അനുഭവങ്ങളും ഒക്കെയായി എന്നും ഓർമ്മയിൽ വയ്ക്കുവാൻ കഴിയുന്ന ഒന്നായിരിക്കും ഇവിടെ നടത്തുന്ന ട്രക്കിങ്ങ് എന്നതിൽ സംശയമില്ല.
തമിഴ്നാടിനോട് ചേർന്ന് നിൽക്കുന്ന പാണ്ടിക്കുഴിമലയുടെ മുകളിൽ നിന്ന് നോക്കിയാൽ ലോവര്‍ക്യാമ്പ് മുതല്‍ കമ്പം വരെ കാണാം.ഇവിടെ നിന്ന് തൊട്ടടുത്ത് കാണുന്ന കാഴ്ചകളെല്ലാം തന്നെ തമിഴ്നാട്ടിലെതാണ്. കൃഷിയിടങ്ങളാൽ നോക്കത്താ ദൂരത്തു പരന്നു കിടക്കുന്ന പച്ചവിരിച്ച അടിവാരങ്ങളും മലമുകളിലെ കുളിർകാറ്റും ഏതൊരു സഞ്ചാരിയുടെയും മനം നിറയ്ക്കുന്നു.പാണ്ടിക്കുഴിയിലേക്കുള്ള യാത്ര അപകടങ്ങൾ നിറഞ്ഞതാണ്.റോഡരികിലെ ആയിരമടിയോളം താഴ്ചയുള്ള കൊക്ക സഞ്ചാരികളെ ഭയപെടുത്തുന്നതാണെങ്കിലും പാണ്ടിക്കുഴിയിലെ മനോഹരമായ കാഴ്ചകൾ സഞ്ചാരികളെ ആനന്ദിപ്പിക്കും എന്നതിൽ യാതൊരു തർക്കവും ഇല്ല.
പതിനെട്ടാം കനാലും,ലോവര്‍ക്യാമ്പ് പവര്‍ ഹൗസും,കൊട്ടാരക്കര–ദിണ്ഡുഗല്‍ ദേശീയപാതയും പാണ്ടിക്കുഴിമലയുടെ മുകളിൽ നിന്ന് ദർശിക്കുമ്പോൾ നയനമനോഹരമായ കാഴ്ചകളാണ്.പാണ്ടിക്കുഴി പ്രകൃതി മനോഹാരിത കൊണ്ട് അനുഗ്രഹീതമായ ഇടമാണെങ്കിലും ഈ പ്രദേശത്തേക്ക് സഞ്ചാരികള്‍ അപൂര്‍വമായാണ് എത്തുന്നത്.