ഇടയിലക്കാട്

ഉത്തരകേരളത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ കവ്വായിക്കായലിലാണിത് സ്ഥിതി ചെയ്യുന്നത്. 37 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ പരന്നു കിടക്കുന്ന കവ്വായി കായലിൽ ധാരാളം ദ്വീപുകളുണ്ട്. അതിലൊരു ദീപാണ് ഇടയിലക്കാട്. വലിപ്പം കൊണ്ടും ജൈവവൈവിധ്യം കൊണ്ടും വടക്കൻ കേരളത്തിൽ മുൻനിരയിൽ നിൽക്കുന്ന കാവുകളിലൊന്നാണിത്, സമുദ്രതീര സാമീപ്യം ഏറ്റവും കൂടുതലുള്ള കാവാണിത്. കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.

നാഗക്കാവ്, ഭഗവതിക്കാവ് എന്നിവ തൊട്ടടുത്താണ് സ്ഥിതിചെയ്യുന്നത് ഇരുനൂറോളം വ്യത്യസ്ത ഇനം സസ്യങ്ങൾ കാവിൽ വളരുന്നുണ്ട്. നായുരുപ്പാണ്കാവിലെ പ്രധാന മരം. വെള്ളപൈൽ, ചേര്, വങ്കണ, കാഞ്ഞിരം, ഇലിപ്പ, ഇലഞ്ഞി, കരിങ്ങോട്ട എന്നിവ പ്രധാന മരങ്ങളാണ്. ഒരിലത്താമര എന്ന അപൂർവ ഔഷധസസ്യം ഇവിടെയുണ്ട്.

പരമ്പരാഗത ആയുർവേദ ചികിത്സയിൽ ഉപയോഗിക്കുന്ന അനവധി നാട്ടുമരുന്നുകൾ ഇവിടെനിന്ന് ശേഖരിക്കാറുണ്ട്. കൂടാതെ നിബിഡവനങ്ങളിൽ കാണപ്പെടുന്ന ചൂരൽക്കാടുകളും ഔഷധസസ്യങ്ങളും ഈ കാവിനകത്തുണ്ട്. പക്ഷിവൈവിധ്യം കൊണ്ടും ശ്രദ്ധേയമാണ് കാവ്.

വെള്ളവയറൻ കടൽപ്പരുന്തിന്റെആവാസകേന്ദ്രമാണ്. ഇവിടെ 87 ഇനം പക്ഷികളെ പക്ഷി നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്. 34 ഇനം നീർപക്ഷികളും 57 ഇനം കാട്ടു പക്ഷികളുമുണ്ട്. ധാരാളം കുരങ്ങു കൂട്ടങ്ങളെയു० ഇവിടെ കാണാം. അത്യപൂർവമായ ഓരില താമരയെന്ന സസ്യത്തെ സംരക്ഷിക്കുന്നതിനു നിരന്തരശ്രമം തന്നെ നടത്തി. മഴ വരുമ്പോൾ മുളച്ചു പൊങ്ങുകയും ഒക്ടോബർ മാസത്തോടെ ഭൂമിക്കടിയിലേക്കു തിരിച്ചു ചെല്ലുകയും ചെയ്യുന്ന ഓരില താമര, തിരുവനന്തപുരം ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡന്റെ ജനിതക ശേഖരത്തിലേക്ക് എത്തിച്ചു കൊടുക്കുകയുണ്ടായി. വൃക്കരോഗത്തിനു വിലപ്പെട്ട മരുന്നുണ്ടാക്കാൻ കഴിയുന്ന സസ്യമാണിത്.

വിനോദ സഞ്ചാരികൾക്ക് ദൃശ്യവിരുന്നൊരുക്കുന്ന സ്ഥലമാണ് ഇടയിലക്കാട്.

Location : 12.1331627 , 75.155089 View