സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം

"ഇപ്പൊ നിങ്ങൾ ട്രിപ്പ് ഒന്നും പോവാറില്ലേ ?"

"ഇപ്പൊ കഥകളൊന്നും എഴുതാറില്ലേ ?"

ഞാൻ ഈയിടെയായി സുഹൃത്തുക്കളിൽ നിന്നും സ്ഥിരം കേൾക്കുന്ന ചോദ്യങ്ങളാണ്. മറ്റു ചിലർ ചോദിക്കുന്നത് കുടുംബസമേതം വൺഡേ ട്രിപ്പ് പോവാൻ പറ്റിയ സ്ഥലങ്ങളെ കുറിച്ചാണ്. ആരാധകരുടെ അഭ്യർത്ഥന മാനിച്ച് പുതിയ ട്രിപ്പ് വിശേഷങ്ങളുമായി ദാ ഞാൻ എത്തി, മായയോടൊപ്പം. 😀

ഇന്നത്തെ സൺഡേ സെപ്ഷ്യൽ ട്രിപ്പ് തൊമ്മൻകുത്ത് വെള്ളച്ചാട്ടം കാണാനായിരുന്നു. ഇടുക്കി ജില്ലയിലെ തൊടുപുഴയ്ക്കു സമീപമുള്ള ഒരു വെള്ളച്ചാട്ടമാണ്‌ തൊമ്മൻ‌കുത്ത്. തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തൊമ്മന്‍കുത്തിലെത്താം. വഴിയിലെ കാഴ്ചകൾ എല്ലാം തന്നെ മനോഹരം. അധികം ആളനക്കങ്ങളില്ലാത്ത തനി നാട്ടുംപുറം. റോഡിനോടു ചേർന്നാണ് കൃഷിയിടങ്ങൾ. എങ്ങും പച്ചപ്പുമാത്രം. വഴിയിലെ കലുങ്കുകളും ചെറു കവലകളുമൊക്കെ നല്ല കാഴ്ചകളാണ്. തൊമ്മൻകുത്ത് ഒറ്റ വെള്ളച്ചാട്ടമല്ല.

ഏഴു ചെറിയ വെള്ളച്ചാട്ടങ്ങളാണ് ഇവിടെയുള്ളത്. തൊമ്മൻകുത്ത് സന്ദർശിക്കാൻ വനം വകുപ്പിന്റെ പാസ്സ് എടുക്കണം. ഒരാൾക്കു 30 രൂപയാണ് പ്രവേശനഫീസ്. ക്യാമറയ്ക്കു പ്രത്യേകം പാസ്സ് വാങ്ങണം. അതിന് ശേഷം മുന്നോട്ട് നീങ്ങിയാൽ വെള്ളച്ചാട്ടം കാണാം. സഞ്ചാരികൾക്കു വിശ്രമിക്കാനും വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിക്കാനും പാകത്തിൽ ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്തു ഉഗ്രരൂപിയാവുന്ന വെള്ളച്ചാട്ടങ്ങൾ വളരെ അപകടം നിറഞ്ഞതാണ്. എന്നാൽ നീരൊഴുക്ക് കുറഞ്ഞു ശോഷിച്ചാണ് ഇപ്പോൾ ഒഴുകുന്നത്. എന്നാലും മരങ്ങളും വള്ളിപ്പടർപ്പുകളും എല്ലാം ചേർന്ന് കാഴ്ചകൾ അതിമനോഹരം തന്നെ. നട്ടുച്ചയാണെകിലും നല്ല തണുത്ത അന്തരീക്ഷം ആര്‍ക്കും ഉന്മേഷം നല്‍കും. പല അപൂർവ ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ഇവിടെ സംരക്ഷിക്കുന്നുണ്ട്.

വെള്ളച്ചാട്ടം കാണാൻ പോവുന്ന വഴിയിൽ ഒരു ഏറുമാടവും ഉണ്ട്. അരുവിയിലേക്ക് ഇറങ്ങാതിരിക്കാൻ കമ്പിവേലി കെട്ടിത്തിരിച്ചിരിക്കുന്നു. പലയിടത്തും വനപാലകർ കാവലുണ്ട്. എങ്കിലും ആഴമില്ലാത്ത സ്ഥലങ്ങളില്‍ ഇറങ്ങി കുളിക്കാൻ അനുവദിക്കും. പാറക്കൂട്ടങ്ങളും കിളികളുടെ ശബ്ദവും തണുത്ത വെള്ളമൊഴുകുന്ന അരുവിയും അടിത്തട്ടിലെ പരൽ മീനുകളും ഉരുളൻ കല്ലുകളും പിന്നെ എങ്ങും നിറഞ്ഞു നിൽക്കുന്ന പച്ചപ്പും മനസ്സിന് കുളിർമയേകും.

©Sooraj S Bhat

Location : 9.9559441 , 76.8317013 View