ഇലവീഴാപൂഞ്ചിറ

മലകളെയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സ്ഥലം ആണ് ഇലവീഴാപൂഞ്ചിറ. ഇലവീഴാപൂഞ്ചിറ കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രമാണെങ്കിലും , ഇടുക്കി ജില്ലയുമായി അതിന്റെ അതിർത്തി പങ്കിടുന്നു.

പേര് സൂചിപ്പിക്കുന്നത് പോലെ ഇലകൾ വീഴാത്ത ഒരു കൊച്ചു മല. അതാണ് ഇലവീഴാപൂഞ്ചിറ.മനുഷ്യന്റെ കയറ്റം വലുതായി സംഭവിക്കാത്ത ഒരിടം. സമുദ്ര നിരപ്പിൽ നിന്നും ഏകദേശം 3200 അടി ഉയരത്തിലാണ് ഈ സ്വർഗം സ്ഥിതി ചെയ്യുന്നത്.

മല മുകളിൽ നിന്നുള്ള സമീപ ജില്ലകളുടെയും റിസെർവോയറുകളുടെയും കാഴ്ച ആരുടെയും മനം മയക്കുന്നതാണ്. മഴയത്തു നനഞ്ഞിരിക്കുമ്പോഴാണ് ഇലവീഴാപൂഞ്ചിറ അതി സുന്ദരിയായി കാണപ്പെടുന്നതെങ്കിലും ഇടി മിന്നൽ സാധ്യത വളരെ അധികം ഉള്ളത് കൊണ്ട് അത്തരത്തിലുള്ള സമയങ്ങൾ സന്ദർശനത്തിന് ഉപയോഗിക്കാതിരിക്കുന്നതാണ് ഉചിതം.

ഇടുക്കി ജില്ലയിലെ തൊടുപുഴയിൽ നിന്നും മൂട്ടം വഴിയെ കാഞ്ഞാറിലെത്തി വലത്തോട്ട് ഏഴ് കിലോമീറ്റർ സഞ്ചരിച്ചാൽ ഇലവീഴാപൂഞ്ചിറയിലെത്താം. പാലാ , ഈരാറ്റുപേട്ട വഴിയും ഇലവീഴാപൂഞ്ചിറയിലേക്ക് എത്തിച്ചേരാവുന്നതാണ്. കോട്ടയത്തു നിന്നും 55 കിലോമീറ്ററും, തൊടുപുഴയിൽ നിന്ന് 20 കിലോമീറ്റർ ദൂരവും മാത്രം. മൂവാറ്റുപുഴയിൽ നിന്നും പോകുമ്പോൾ മേലുകാവിൽ നിന്നും പുതിയ പാത നിർമ്മിച്ചിട്ടുണ്ട് അതാണ് നല്ലവഴി. ഓഫ്‌റോഡ് യാത്ര ഇഷ്ടപ്പെടുന്ന ബൈക്ക് യാത്രികർ കാഞ്ഞാർ ഭാഗത്തൂടെ ഉള്ള വഴി തിരഞ്ഞെടുക്കുന്നതാകും ഉചിതം. വാഹന സൗകര്യം ഇല്ലാത്തവർക്ക് താഴെ നിന്നും ജീപ്പ് സൗകര്യവും ലഭ്യമാണ്

Location : 9.802269899999999 , 76.78276252543972 View