പാണ്ഡവൻ പാറ കൊല്ലം

തെന്‍മലയില്‍ നിന്ന് ഏകദേശം ഏഴു കിലോമീറ്റര്‍ അകലെ ഉറുകുന്നിലാണ് ഐതിഹ്യ പെരുമയുടെ തലയെടുപ്പുമായി പാണ്ഡവന്‍ പാറ സ്ഥിതി ചെയ്യുന്നത്. പഞ്ചപാണ്ഡവന്‍മാര്‍ തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം. ഈ വിശ്വാസത്തില്‍ നിന്നാണ് ഈ പാറയ്ക്ക് പാണ്ഡവന്‍പാറ എന്ന് പേര് വന്നത്. പഞ്ചപാണ്ഡവന്മാര്‍ ഒളിച്ച് താമസിച്ചിരുന്നത് ഈ പാറയിലെ ഗുഹയിലായിരുന്നു

ഉറുകുന്ന് - ഒറ്റക്കൽ റയിൽവേ സ്റ്റേഷൻ റോഡിൽ നിന്നും ചെങ്കുത്തായ കൽ പടവുകളിലൂടെ കാൽനടയായിട്ടാണ് പാണ്ഡവന്‍ പാറയിലേക്കുള്ള യാത്ര തെന്‍മലയുടെ വിവിധ ഭാഗങ്ങള്‍, ചുറ്റുമുള്ള കാടുകള്‍, കല്ലട അണക്കെട്ട്, കൊല്ലം-ചെങ്കോട്ട റെയില്‍പാത, ഇടമൺ പവർ സ്റ്റേഷൻ, മൂന്നു ജില്ലകളുടെ ജലസ്രോതസ്സായ കല്ലട ജലസേചന പദ്ധതിയുടെ ഉത്ഭവ സ്ഥാനമായ ഒറ്റക്കൽ തടയണ തുടങ്ങി നിരവധി കാഴ്ചകള്‍ ഈ മലമുകളിൽനിന്നും കാണാം. കൊടും ചൂടിലും അനുഭവപ്പെടുന്ന കുളിർകാറ്റ് പ്രത്യേക അനുഭൂതിയാണ് നൽകുന്നത്! ഈ കുന്നിന്‍റെ മുകളില്‍ നിന്നും പുറത്തേയ്ക്ക് തള്ളി നില്‍ക്കുന്ന കൂറ്റന്‍ പാറകള്‍ പ്രത്യേക കാഴ്ചയാണ്. കൂടാതെ ഒരു ശിവ-പാർവ്വതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. ഇതിനോട് ചേര്‍ന്ന് നിരവധി ഗുഹകളും കാണാം. ഈ ഗുഹകളിലാണ് പാണ്ഡവര്‍ താമസിച്ചിരുന്നത് എന്നാണ് വിശ്വാസം.

കൂടാതെ പടിഞ്ഞാറു ഭാഗത്തായി രണ്ട് വലിയ കുരിശുകളും സ്ഥിതിചെയ്യുന്നു! ക്രിസ്തുമത വിശ്വാസികൾ യേശുക്രിസ്തു കുരിശിലേറിയതിൻ്റെ പീഡാനുഭവ സ്മരണകളുമായി വർഷം തോറും മല കയറി ‘കുരിശിൻ്റെ വഴി‘ നടത്തപ്പെടുന്നു. 36 ഏക്കറിൽ സ്ഥിതിചെയ്യുന്ന ഇത് 'കുരിശുമല‘ എന്നും അറിയപ്പെടുന്നു.

Location : 9.311661 , 76.6110231 View