ശിരുവാണി

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് ഫോറസ്റ്റ് ഡിവിഷന് കീഴിൽ അഗളി റെയിഞ്ചിലെ ശിങ്കപ്പാറ പോറസ്റ്റ് സ്റ്റേഷൻ പരിധിയിലാണ് ആരെയും ഹoദാകർഷിക്കുന്ന ശിരുവാണി ഇക്കോ ടൂറിസം ഏരിയ

ഭവാനി പുഴയുടെ ഒരു കൈവഴിയായ ശിരുവാണിക്ക് കുറുകെ പണിതീർത്തിട്ടുള്ള ശിരുവാണി ഡാമും തന്മൂലം സംജാതമായ റിസർവോയർ തടാകവും ചുറ്റുപാടും അതീവ വന്യഭംഗി തീർക്കുന്ന മുത്തിക്കുളം റിസർവ് വനങ്ങളും ഒക്കെ സന്ദർശകരെ അനുഭൂതിയുടെ ആനന്ദകരമായ മറ്റൊരു വശ്യലോകത്തേക്ക് എത്തിക്കുക തന്നെ ചെയ്യും.

പുറം ലോകത്തെ മറച്ചുകൊണ്ട് കോട്ട പോലെ നാലുപാടും ഉയർന്നു നിൽക്കുന്ന മലനിരകളും മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന വെള്ളിരേഖ പോലെ പല വലിപ്പത്തിലുള്ള വെള്ളച്ചാട്ടങ്ങളും പുൽമേടുകളും ചോലവനങ്ങളും താഴ് വരയിൽ കുണുങ്ങിയോടുന്ന ചെറു അരുവികളും ആകാശം മുട്ടെ വളർന്നു നിൽക്കുന്ന വൻമരങ്ങളും ചിലപ്പോൾ അടുത്തു കാണാൻ കഴിയുന്ന കാട്ടാനക്കൂട്ടങ്ങളും മേഞ്ഞുനടക്കുന്ന കാട്ടിക്കൂട്ടങ്ങളും മറ്റു വന്യജാലങ്ങളും ഈ വനമേഖലയെ പ്രകൃതിയുടെ വശ്യഭംഗി നിറഞ്ഞു തുളുമ്പി അതീവ സമ്പുഷ്ടമാക്കുന്നു.

ജനവാസ മേഖലയല്ലാത്തതിനാൽ ജനങ്ങളുടെ ഇടപെടലുകൾ തീരെ ഇല്ലാത്ത, തികച്ചും, നിശ്ശബ്ദമായ, മാലിന്യ മുക്തമായ പരിശുദ്ധമായ കന്യാവനങ്ങളും,കാടും കാട്ടാറുകളും തടാകവും ' പരിശുദ്ധിയുടെ കാര്യത്തിൽ ലോകത്തിലെ തന്നെ രണ്ടാമത്തെ പ്രകൃതിദത്ത ശുദ്ധജലമാണിവിടേത്തെതെന്ന് പറയപ്പെടുന്നു. റിസർവോയറിൽ നിന്നും ഒരു തുള്ളി വെളളം പോലും നമ്മൾ കേരളത്തിൽ ഉപയോഗപ്പെടുത്തുന്നില്ല.എന്നാൽ ഈ ഡാമിലെ വെള്ളം ഉദ്ദേശം ഒന്നര കി.മീറ്ററോളം നീളത്തിൽ മല തുരന്നുണ്ടാക്കിയ ഒരു തുരങ്കത്തിൽ കൂടി തമിഴ്നാട് ഭാഗത്തെ വനത്തിൽ ചാടിച്ച് ഒഴുക്കി കൊണ്ടുവന്ന് ശേഖരിച്ച് തമിഴ്നാട് ഉപയോഗപ്പെടുത്തുന്നു. ഇവിടുത്തെ ജലമാണ് വർഷം മുഴുവൻ കോയമ്പത്തൂർ സിറ്റിയിൽ ഉപയോഗിക്കുന്നത്.

മുത്തിക്കളം റിസർവ് വനം സൈലൻറ് വാലി വനമേഖലക്കൊപ്പമൊ അതിനും മുകളിലൊ പെടുത്താവുന്ന വനമേഖലയാണ്. മറ്റെവിടെയും കാണാൻ കഴിയാത്ത വെള്ളക്കുന്തിരിക്ക മരങ്ങൾ ഇവിടെ കാണാം.ധാരാളം ഇനം പക്ഷികളും 'ശലഭങ്ങളും മറ്റനേകം സസ്യ -പ്രാണി ജാലങ്ങളും ഈ വനത്തെ എല്ലാ അർത്ഥത്തിലും സമ്പന്നമാക്കുന്നു

Location : 10.9765681 , 76.6413131 View