വളപട്ടണം കോട്ട

1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയില്‍ നിന്നും ഇസ്ളാംമത പ്രബോധനത്തിനായി മുഹമ്മദ് ഇബുനു അബൂബക്കര്‍, അഹമ്മദ് ജമാലുദ്ദീന്‍ ബുക്കാരി, ഹസ്രത്ത് റമളാന്‍, സീതി ഇബ്രാഹിം തങ്ങള്‍, അബ്ദുള്ള ഹാജി, ഹൈദ്രോസ് തങ്ങള്‍ എന്നീ പ്രവാചക പരമ്പരയില്‍പ്പെട്ട ഇസ്ളാമിക പണ്ഡിതന്‍മാര്‍ ഇവിടെ ഇസ്ളാംമതം പ്രചരിപ്പിച്ചതിന്റെ ഫലമായി ഇവിടുത്തെ ഭൂരിഭാഗം പേരും ഇസ്ളാംമതം സ്വീകരിച്ചു.

വളപട്ടണം കോട്ടപ്പടി എന്ന പ്രദേശം പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചതാണെന്ന് പറയപ്പെടുന്നു. ടിപ്പുസുല്‍ത്താനും, ചിറക്കല്‍ രാജവംശവും ഇവിടം സൈനികത്താവളമായി ഉപയോഗിച്ചിരുന്നുവത്രേ. ചേരമാന്‍ പെരുമാളിന്റെ ഭരണകാലത്തും ഈ കോട്ട ഉപയോഗിച്ചിരുന്നു. ചേരമാന്‍ പെരുമാള്‍ രാജഭരണം മതിയാക്കി ഹജ്ജ് തീര്‍ത്ഥാടനത്തിന് വേണ്ടി ഇവിടുന്നാണ് മക്കയിലേക്ക് പുറപ്പെട്ടതെന്ന് പറയപ്പെടുന്നു. അതിനുശേഷം കോട്ട അനാഥമായി.

അതിന്റെ ചരിത്രാവശിഷ്ടങ്ങള്‍ ഇപ്പോഴും ഇവിടെ കാണാന്‍ കഴിയും. ചരിത്രപ്രസിദ്ധമായ കുക്കുളങ്ങര പ്പള്ളിയിലുള്ള ശിലാലിഖിതം സഹസ്രാബ്ദങ്ങള്‍ക്കപ്പുറമുള്ള ഈ പ്രാചീന ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നവയാണ്. മൂഷകവംശത്തില്‍പ്പെട്ട വല്ലഭരാജാവിന്റെ ആസ്ഥാനം കൂടിയാണ് വളപട്ടണമെന്നും പറയപ്പെടുന്നു. അതുകൊണ്ടാവാം ഈ നാടിന് വല്ലഭപട്ടണമെന്നും പിന്നീട് വളപട്ടണമെന്നും വിളിച്ചു വന്നിരുന്നത്. അറബിയില്‍ ബലാഫത്തയന്‍ എന്നും സംസ്കൃതത്തില്‍ വൃദ്ധിപുരമെന്നും പറയുന്നു.

Location : 11.907222 , 75.34887706285716 View