തലശ്ശേരി കോട്ട

ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രമാണ് തലശ്ശേരി കോട്ട. 1708 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി നിര്‍മിച്ചതാണ് ഈ കോട്ട. ബ്രിട്ടീഷ് കോളനിഭരണക്കാലത്തെ നിരവധി കഥകള്‍ പറയാനുണ്ട് ഈ കോട്ടക്ക്. വ്യാപാര കേന്ദ്രമായും ആയുധപ്പുരയായും ഈ കോട്ട ഉപയോഗിച്ചിരുന്നു. കടലും നഗരവും കാണാവുന്ന, പ്രവേശനമുള്ള രീതിയിൽ ഉയർന്ന പ്രദേശത്താണ് അതിന്റെ നിർമ്മിതി. ഉയർന്ന മതിലുകളോടെ ചതുരാകൃതിയിലാണ് കോട്ട. കോട്ടയ്ക്കുള്ളിൽ തുരങ്കമുണ്ട്, അത് ഇപ്പോൾ പൂട്ടിക്കിടക്കുകയാണ്. അകത്ത് ഒരു ലൈറ്റ് ഹൗസ് ഉണ്ട്.

കണ്ണൂരില്‍ നിന്നും 22 കിലോമീറ്ററും കോഴിക്കോട്ട് നിന്ന് 70 കിലോമീറ്ററും ദൂരമുണ്ട്. പ്രവേശന ഫീസ് ഇല്ല.

തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്താണ് തലശ്ശേരി കോട്ട. 17 ആം നൂറ്റാണ്ടിൽ കോലത്തിരിയുടെ ആശിർവ്വാദത്തോടെ തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇവിടെ ഒരു ഫാക്ടറി സ്ഥാപിച്ചു. പ്രാദേശിക പ്രമാണിയായിരുന്ന കുറങ്ങോട്ടു നായർക്കും ഉദയമംഗലം ശാഖയ്ക്കും ഇതൊട്ടും ഇഷ്ടമായില്ല അവർ ഫാക്ടറി ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. ഇതിനെ പ്രതിരോധിക്കാനാണ് 1708 ൽ ഫാക്ടറി സ്ഥിതിചെയ്യുന്ന കുന്നിനു ചുറ്റും കോട്ട കെട്ടിയത്. മാഹിയിൽ നേരത്തെ തന്നെ താവളമുറപ്പിച്ച ഫ്രഞ്ചു സൈന്യം ആക്രമിച്ചതിനെത്തുടർന്ന് 1725 ൽ കോട്ട കൂടുതൽ ശക്തിപ്പെടുത്തി. ഫ്രഞ്ചു സൈന്യം അറയ്ക്കലെ അലി രാജാവിന്റെ സഹായത്തോടെ തലശ്ശേരി കോട്ട നിരവധി തവണ ആക്രമിച്ചെങ്കിലും ചിറയ്ക്കൽ രാജാവിന്റെയും കോട്ടയം രാജാവിന്റെയും സഹായത്തോടെ ഈ അധിനിവേശ ശ്രമങ്ങൾക്കെല്ലാം വിജയകരമായി തടയിടാൻ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കായി. കടൽത്തീരത്ത് കുന്നിൻ മുകളിൽ സ്ഥാപിച്ചിരിക്കുന്ന ചതുരാകൃതിയുള്ള കോട്ടയ്ക്ക് പീരങ്കിയും തോക്കും സ്ഥാപിക്കാനാവുന്നവിധത്തിലുള്ള കൊത്തളങ്ങളാണുള്ളത്. കോട്ടമതിലിന് 10 മീറ്ററിലേറെ ഉയരമുണ്ട്.

Location : 11.7480931 , 75.4866303 View