ഇടുക്കി അണക്കെട്ട്
- Destination
- NuttyWays
- ©
ഇന്ത്യയിലെ ഏക ആര്‍ച് ഡാം. രണ്ടായിരം ദശലക്ഷം ടണ്ണോളം വെള്ളം സംഭരിക്കാന്‍ കഴിയുന്ന അണക്കെട്ടിന്റെ മര്‍ദ്ദം താങ്ങാന്‍ കഴിയുന്ന ഏറ്റവും അനുയോജ്യമായ മാതൃകയെന്ന നിലയിലാണ് ആര്‍ച്ച് ഡാം പണിതത്. വെള്ളം നിറയുമ്പോള്‍ പുറത്തേക്ക് അൽപം തള്ളുന്ന രീതിയിലാണ് അണക്കെട്ടിന്റെ ഘടന. നിര്‍മാണത്തിനായി 4,64,000 ഘനമീറ്റര്‍ കോണ്‍ക്രീറ്റ് ഉപയോഗിച്ചു. ഇടുക്കി അണക്കെട്ടില്‍ ജലം സൃഷ്ടിക്കുന്ന മര്‍ദം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ട്. ഇതിനു പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളുണ്ട്. അണക്കെട്ടിന്റെ വലതുകരയില്‍ കുറത്തിമലയ്ക്കുള്ളില്‍ അണക്കെട്ടിലേക്കിറങ്ങാനായി 13 അടി വ്യാസത്തിലും 550 അടി ഉയരത്തിലും പാറ തുറന്ന് ലിഫ്റ്റ് നിര്‍മിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് അണക്കെട്ടിനുള്ളില്‍ വ്യത്യസ്ത നിലകളിലായി ഇന്‍സ്പെക്ഷന്‍ ഗ്യാലറികളുമുണ്ട്.
ഇടുക്കി ഡാം ഇന്നും വിസ്മയമാണ്. പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്. 839 മീറ്റർ ഉയരമുള്ള കുറവൻ മലയെയും, 925 മീറ്റർ ഉയരമുള്ള കുറത്തിമലയെയും കൂട്ടിയിണക്കി കോൺക്രീറ്റ് കൊണ്ടു പണിത ഈ ആർച്ച് ഡാമിനു 168.9 മീറ്റർ ഉയരമുണ്ട്. മുകളിൽ 365.85 മീറ്റർ നീളവും 7.62 മീറ്റർ വീതിയും. അടിയിലെ വീതി 19.81 മീറ്ററാണ്. ഇടുക്കി അണക്കെട്ടിന് ഷട്ടറുകളില്ല എന്നതാണൊരു പ്രത്യേകത IS 456-2000 അനുസരിച്ചുള്ള എം - 40 കോൺക്രീറ്റ് മിശ്രിതമാണ് ഇടുക്കി ആർച്ച് ഡാം നിർമാണത്തിൽ ഉപയോഗിച്ചിരിക്കുന്നത്. കോൺക്രീറ്റ് മിശ്രിതം തയ്യാറാക്കുമ്പോഴത്തെ താപനില കുറയ്ക്കുന്നതിനായി ഐസ് ഉപയോഗിച്ചിരുന്നു. കനേഡിയൻ സഹായത്തോടെ ,രാജ്യത്തെ ഏറ്റവും ശക്തമായ അണക്കെട്ടുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഭൂകമ്പത്തെ പ്രതിരോധിക്കത്തക്കവിധത്തിൽപ്രത്യേക ഡിസൈനോടെയാണ് പണികഴിപ്പിച്ചിട്ടുള്ളത്.