മിട്ടായി തെരുവ്
- Destination
- NuttyWays
- ©
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ തെരുവാണ് മിഠായിത്തെരുവ് അഥവാ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (എസ്.എം. സ്ടീറ്റ്). പണ്ട് ഈ തെരുവിന്റെ ഇരുവശങ്ങളും ഹൽവ കടകൾ കൊണ്ട് നിറഞ്ഞിരുന്നു. യൂറോപ്യന്മാർ കോഴിക്കോടൻ ഹൽവയെ സ്വീറ്റ്മീറ്റ് (sweet meat) എന്നായിരുന്നു വിളിച്ചിരുന്നത്. അതിൽ നിന്നാണ് പേരുവന്നത്. "ഹുസൂർ റോഡ്" എന്നാണ് മിഠായി തെരുവിന്റെ ആദ്യനാമം.
പലഹാരങ്ങൾ ഏറ്റവും കൂടുതൽ വിൽപ്പനനടത്തിയ ഈ റോഡിനെ സ്വീറ്റ് മീറ്റ് സ്ട്രീറ്റ് (SM Street ) എന്നുവിളിച്ചു. ഈ തെരുവും, തെരുവിനെ മുറിച്ചുപോകുന്ന പാതകളും കോഴിക്കോടിലെ ഏറ്റവും തിരക്കുള്ള കച്ചവടസ്ഥലങ്ങളാണ്.
വളരെ പഴക്കമുള്ള ബേക്കറികൾ ഈ തെരുവിലുണ്ട്. ഇവിടെ ലഭിക്കുന്ന കോഴിക്കോടൻ ഹൽവയും നേന്ത്രക്കാ ഉപ്പേരിയും പ്രശസ്തമാണ്. ഈ തെരുവിന്റെ ഒരുഭാഗത്തായിരുന്നു സാമൂതിരിയുടെ നാണയമടിക്കുന്ന കമ്മട്ടം സ്ഥിതി ചെയ്തിരുന്നത്. പുതുമയും പഴമയും ഇവിടെ സമന്വയിക്കുന്നു. ഇരുവശങ്ങളിലും പുതിയതും പഴയതുമായ കെട്ടിടങ്ങളുടെ നീണ്ടനിരയാണ്. പോർച്ചുഗീസുകാരുടെ കാലത്ത് പണിതീർത്ത കെട്ടിടങ്ങളും ഇവിടെയുണ്ട് .
ഹൽവ്വയും മിട്ടായികളും വിൽക്കുന്ന കടകളായിരുന്നു മിട്ടായി തെരുവിൽ കൂടുതലായി ഉണ്ടായിരുന്നെതെങ്കിൽ ഇന്നുസ്ഥിതി അതല്ല. ഇവിടെ ഇപ്പോൾ ഏറ്റവും കൂടുതലായുള്ളത് തുണിക്കച്ചവടമാണ്. ഖാദി എമ്പോറിയവും മിഠായി തെരുവിലാണ്. കേരളത്തിലെ തന്നെ ഏറ്റവും വലിയ എമ്പോറിയങ്ങളിൽ ഒന്നാണിത്. വിവിധയിനങ്ങളിൽ പെട്ട ഒട്ടേറെ വിഭവങ്ങൾ മിഠായി തെരുവിൽ വിപണനം ചെയ്യപ്പെടുന്നു. "കോഴിക്കോടൻ ഹൽവ്വ"യാണ് ഇവയിൽ പ്രധാനം.
മിഠായിത്തെരുവിനു ഈ പേരുവരാൻ മധുരമാർന്ന ഈ ഹൽവ്വ തന്നെയാണ് കാരണമെന്നു പറയപ്പെടുന്നു. സാധാരണ ഹൽവ്വയ്ക്കു പുറമേ ക്യാരറ്റ്, പൈനാപ്പിൾ, ഓറഞ്ച്, പപ്പായ തുടങ്ങിയവ ഉപയോഗിച്ചുള്ള ഹൽവ്വകളും ഇവിടെ വിപണനം ചെയ്യപ്പെടുന്നു. ഉത്സവ കാലങ്ങളിൽ മിഠായിത്തെരുവിൽ നിന്ന് ഹൽവ്വവാങ്ങാൻ പുറത്തുനിന്നുള്ളവർ പോലും എത്താറുണ്ട്.
ഈ തെരുവിന്റെ പ്രശസ്തിക്കു പിന്നിൽ കോഴിക്കോടൻ ബിരിയാണിക്കും പങ്കുണ്ട്. മിഠായിത്തെരുവിലെ ഹോട്ടലുകളിലെ സ്വാദിഷ്ഠമായ ബിരിയാണി കഴിക്കാൻ പണ്ടുകാലം മുതൽ നിരവധി ആളുകൾ എത്തിയിരുന്നു. ആ പതിവ് ഇന്നും തുടരുന്നു. മലബാർ ചിപ്സ് എന്നറിയപെട്ടിരുന്ന വറുത്തകായാണ് മറ്റൊരു വിഭവം. ഉപ്പേരി വറക്കുന്ന നൂറുകണക്കിന് കടകൾ തന്നെ ഇവിടെയുണ്ട്. കോഴിക്കോട്ടെ പബ്ലിക് ലൈബ്രറിയും ഈ തെരുവിൽ തന്നെയാണ്. മലയാളത്തിലെ പല സാഹിത്യകാരന്മാരുടേയും സാംസ്കാരിക പ്രവർത്തകരുടെയും സംഗമവേദിയായിരുന്നു ഈ തെരുവ്. ബഷീർ, കുഞ്ഞാണ്ടി, നെല്ലിക്കോടു ഭാസ്കരൻ,എസ്.കെ._പൊറ്റക്കാട് , മാമുക്കോയ, പി.എം. താജ് തുടങ്ങിയവരൊക്കെ അവയിൽ പങ്കാളികളായിരുന്നു.