ഒരു ലഡ്ഡു പൊട്ടിയ കഥ
- Story
- NuttyWays
- ©
നല്ലൊരു ഞായറാഴ്ച ആയിട്ട് വീട്ടിൽ പോസ്റ്റ് ആയി... ഫോണും കുത്തിപ്പിടിച്ച് ...സഞ്ചാരി ഗ്രൂപ്പിൽ ഓരോ സഞ്ചാരികൾ നടത്തിയ ദൂര യാത്രകൾ കണ്ടു ഇതൊക്കെ ഞാൻ എപ്പോൾ പോകാൻ ആണ് എന്ന് വിഷമിച്ചിരിക്കുന്ന നേരം.....
കയ്യിൽ ക്യാഷ് ഇല്ലാത്തതുകൊണ്ടും, അടുത്ത ആഴ്ച എക്സാം ആയതുകൊണ്ടും മനസ്സിനെ തൃപ്തനാക്കാൻ തോന്നിയ ആശയം, "യാത്രയുടെ സൗന്ദര്യം,അത് നമ്മൾ പോകുന്ന ദൂരത്തിൽ അല്ല ആസ്വദിക്കുന്ന രീതിയിൽ ആണ്" മനസ്സിനെ സമാധാനിപ്പിക്കാൻ കരുതിയത് ആണെങ്കിലും ഒന്നോർത്തപ്പോൾ കാര്യം ശെരിയാണ്...
കടൽത്തീരത്ത് ഉള്ളവൻ മലമുകൾ തേടിയും...മലയോരം ഉള്ളവൻ തീരപ്രദേശം തേടി വരുകയും ചെയ്യുന്നതാണ് പല യാത്രകളിലും നമ്മൾ കണ്ടിട്ടുള്ളത്....അപ്പോഴെല്ലാം നമ്മൾ മറന്നുപോകുന്നത് നമ്മുടെ നാടിന്റെ സൗന്ദര്യം ആസ്വദിക്കാൻ ആണ്.... അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോഴാ മനസ്സിൽ അടുത്ത ചോദ്യം....
ഡേയ് നീ വർക്കല പോയിട്ട് എത്ര നാൾ ആയി.... ശെരിയാ...വീട്ടിൽ നിന്ന് 17 km ഉള്ളു പക്ഷെ പോയിട്ട് 7 മാസത്തിന് മുകളിൽ ആയി.... വിദേശികൾ പതിനായിരങ്ങൾ ചിലവാക്കി നമ്മുടെ നാട് കാണാൻ വരുമ്പോൾ നമ്മൾ ആയിരങ്ങൾ ചിലവാക്കി മറ്റ് നാടുകൾ തേടി പോകുന്നു... എന്നാൽ പിന്നെ ഇന്ന് വർക്കലയ്ക്കു പോകാം....പ്ലാൻ ചെയ്ത് വന്നപ്പോഴേയ്കും സമയം 5.15 ആയി..ഫോൺ എടുത്ത് ചങ്കിനെ വിളിച്ച് റെഡി ആയി നിൽക്കാൻ പറഞ്ഞു....പാവം എങ്ങോട്ടെന്നു പോലും ചോദിക്കാതെ ഓക്കേ ന്നും പറഞ്ഞു ഫോൺ വെച്ചു...
പടക്കുതിര എടുത്ത് ചങ്കിനേം പൊക്കി നേരെ വിട്ടു വർക്കലയ്ക്ക്... പതിവ് കാഴ്ചകളിൽ നിന്ന് മാറി നേരെ പോയത് വർക്കലയുടെ ഹൈലൈറ്റ് ആയ ക്ലിഫ് ലേക്ക്... ഭാഗ്യത്തിന് സൂര്യൻ അവിടെ തന്നെ ഉണ്ടാരുന്നു(ദൈവം എല്ലായിപ്പോഴും ക്രൂരൻ ആകില്ല 😅),കടാപ്പുറത്തെ സൗന്ദര്യം ആസ്വദിച്ച് നിൽകുമ്പോൾ ചോക്കോബാറും മാംഗോബാറും മാടിവിളിച്ചെങ്കിലും പോക്കറ്റ് പറഞ്ഞു കപ്പലണ്ടി ആണ് കടാപ്പുറത്തിന് പറ്റിയതെന്ന്.... അങ്ങനെ കപ്പലണ്ടിയും കൊറിച്ച് സൂര്യൻ കടലിനെ മുത്തം വയ്ക്കുന്നതും കാത്ത് അവിടെ ഇരുന്നു....
തെക്കൻ കേരളത്തിലെ മറ്റു ബീച്ചുകളിൽ നിന്ന് വ്യത്യസ്തമായി വർക്കലയ്ക്കു മാത്രം ഉള്ള പ്രത്യേകത ആണ് വർക്കലയുടെ സ്വന്തം ക്ലിഫ്... ക്ലിഫിൽ നിന്നാൽ ബീച്ച് മാത്രമല്ല നമ്മൾ കാണുന്നത്...ബീച്ചിൽ സന്തോഷത്തോടെ കളിച്ചു രസിച്ചു നടക്കുന്ന ആൾക്കൂട്ടത്തിന്റെ മനസ്സ് നമുക്ക് തൊട്ടറിയാൻ സാധിക്കും,പ്രായ ഭേദമന്യേ കടൽത്തിരമാലകളോട് കിന്നാരം പറഞ്ഞു കളിച്ചു നടക്കുന്നവരും,ഒരു ആഴ്ചത്തെ ജോലി ഭാരം മുഴുവൻ മറന്ന് കുടുംബത്തോടൊപ്പം തമാശപറഞ്ഞ് രസിക്കുന്നവരും,സ്വർഗ്ഗലോകത്ത് എത്തിയ പോലെ എല്ലാം മറന്നു നിൽക്കുന്ന വിദേശികളും...തിരക്ക് കൂടുതൽ ആയതിനാൽ കപ്പലണ്ടി കച്ചവടക്കാരനും ഐസ്ക്രീം കടക്കാരും വരെ ഹാപ്പി.... അങ്ങനെ ക്ലിഫിൽ നിന്ന് നോക്കുമ്പോൾ ബീച്ചിന്റെ സൗന്ദര്യവും ആൾക്കാരുടെ മനസ്സിന്റെ സന്തോഷവും എല്ലാം കൂടി കാണുമ്പോൾ കോഴിക്കോട് പാരഗണിൽ കയറി ചിക്കൻ ബിരിയാണിയും കഴിച്ച് ഭാസ്കരേട്ടന്റെ കടയിൽ നിന്ന് മിൽക്ക്സർബത്തും കുടിച്ച ഒരു സുഖം....
അങ്ങനെ കടൽകാറ്റും കൊണ്ട് സൂര്യാസ്തമയം കണ്ട് ഒരു സുന്ദര സായാഹ്നം... 😘 😍 സൂര്യൻ കണ്മുന്നിൽ നിന്ന് മാഞ്ഞപ്പോൾ ഞാൻ കൂട്ടുകാരനോട് പറഞ്ഞു....അളിയാ എന്തായാലും ഇന്നത്തെ സായാഹ്നം പൊളിച്ചു...നമുക്ക് പയ്യെ വണ്ടി വിടാം.... അപ്പോഴതാ അളിയന്റെ ഡയലോഗ്...ഡേയ് ഇവിടെ വരെ വന്നിട്ട് 'വെള്ളിയാഴ്ച്ചകാവിൽ' പോകാതെ എങ്ങനെ തിരിച്ചു പോകാനാണ്.... (കയ്യിൽ ഉണ്ടാരുന്ന പൈസയ്ക്ക് കപ്പലണ്ടി വാങ്ങി തിന്ന എന്നോടാ ബാല....) കയ്യിൽ കാശ് ഇല്ലേലും ഒരു ആഗ്രഹം തോന്നിയാൽ കടം വാങ്ങി ആയാലും അത് സാധിക്കണമല്ലോ....അങ്ങനെ ഞാൻ എന്റെ പൈസ തന്നെ കടം ചോദിച്ചു അടുത്തുള്ള 'എസ്. ബി.ഐ',എടിഎം നോട്....(മിനിമം ബാലൻസിനു വേണ്ടി ഇട്ട പൈസ,ബ്ലേഡ് പലിശയ്ക്ക് കടമെടുത്തു 😅 ) നേരെ വിട്ടു വെള്ളിയാഴ്ച്ചകാവിലേക്ക്...
വർക്കല-ചെറുന്നിയൂർ- "വെള്ളിയാഴ്ച്ചകാവ് ഷാപ്പ്"(7.5 km) ചെല്ലുമ്പോൾ തന്നെ മനസ്സ് പകുതി നിറയും.... മുൻവശത്ത് ആയി ഒരു കുളവും സൈഡിൽ കായലും ഒക്കെ ആയി പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന ഒരു ഷാപ്പ്...അവിടെ തിരക്കിയപ്പോൾ ആണ് അറിഞ്ഞത് ലക്കി ചേട്ടന്റെ ഉടമസ്ഥതയിൽ ഏകദേശം 12 ഏക്കറിൽ ആണ് ഇത് സ്ഥിതി ചെയ്യുന്നത്...ഷാപ്പിലേക്കുള്ള കള്ള് ചെത്തുന്നതും, ഉച്ചഊണിനുള്ള പച്ചക്കറികളും എല്ലാം ഇവിടുന്നു തന്നെയാണ്...ഇവിടുത്തെ സ്പെഷ്യൽ ഐറ്റം ആയ 'ആറ്റുവാള തേങ്ങാപ്പാൽ ഇട്ടു വറ്റിച്ചത്' ഉണ്ടാക്കുന്നത്തിന് എടുക്കുന്നതും അവിടുത്തെ കുളത്തിൽ നിന്ന് പിടിക്കുന്ന ആറ്റുവാള തന്നെ....
വെള്ളിയാഴ്ച്ചകാവിനെ ഷാപ്പ് എന്ന് വിശേഷിപ്പിക്കുന്നതിനെക്കാൾ കുടുംബത്തോടൊപ്പം പോയിരുന്ന് ഷാപ്പിലെ ഫുഡ് കഴിക്കാൻ പറ്റിയ ഹോട്ടൽ എന്ന് വിശേഷിപ്പിക്കാതാകും നല്ലത്.... കാരണം ഷാപ്പ് ഒഴിഞ്ഞ ഒരു ഭാഗത്തും ബാക്കി ഉള്ളിടത്ത് എല്ലാം ഫാമിലി റൂമുകളും ആണ് ഇവിടെ ഉള്ളത്... ചെന്നപ്പോൾ തന്നെ നല്ല തിരക്കുണ്ടാരുന്നു..ഓരോ ടേബിളിലും നല്ല കിടു ഐറ്റംസ് ഇരിക്കുന്നു....നാവിൽ വെള്ളം ഊറി കൊണ്ട് വേഗം സീറ്റ് പിടിച്ചു, കാത്തിരിക്കാൻ വയ്യാത്തതുകൊണ്ട് അപ്പോൾ തന്നെ ഓർഡർ കൊടുത്തു.... കപ്പയും,കണവ റോസ്റ്റും, അരിപ്പത്തിരിയും.... കുറച്ചു നേരത്തെ കാത്തിരിപ്പിന് ശേഷം കണവയും കപ്പയും ഞങ്ങളെ തേടി എത്തി...ഹോ...അത് ചൂടോടെ കഴിക്കുമ്പോൾ ഉള്ള സ്വാദ്... അത് ഒന്ന് വേറെ തന്നെയാ....('എസ്.ബി.ഐ' മിനിമം ബാലൻസിന് ക്യാഷ് പിടിച്ചാലും കുഴപ്പമില്ല, നല്ലൊരു അത്താഴം കഴിക്കാൻ പറ്റിയല്ലോ എന്ന് തോന്നിയ നിമിഷങ്ങൾ....) കൂടണയാൻ സമയം ആയതിനാൽ വെള്ളിയാഴ്ച്ചകാവിനോട് വിടപറഞ്ഞു നല്ലൊരു ദിവസത്തെ ഓർമ്മകളും ആയി തിരിച്ച് വീട്ടിലേയ്ക്കു മടങ്ങി...
മടക്കയാത്രയിൽ മനസ്സിൽ നിറയെ വർക്കല ബീച്ചിന്റെ സൗന്ദര്യവും നാവിൽ നിറയെ വെള്ളിയാഴ്ച്ച കാവിലെ കണവ റോസ്റ്റിന്റെ സ്വാദും ആയിരുന്നു....(വെള്ളിയാഴ്ച്ചകാവിൽ എത്തിയത് രാത്രി ആയതിനാൽ ഫോട്ടോസ് ഒന്നും എടുത്തില്ല...പകരം നെറ്റിൽ നിന്നും തപ്പിയെടുത്ത ചിത്രങ്ങൾ ഉൾപ്പെടുത്തുന്നു) വീട്ടിൽ എത്തി വീണ്ടും എന്റെ ചിന്തയിലേക്ക്...വർക്കലയുടെ ഓർമകളിലേക്ക്... പതിനായിരങ്ങൾ ചിലവാക്കി വന്ന സായിപ്പും, ആയിരങ്ങൾ ചിലവാക്കി തിരുവനന്തപുരത്തുനിന്നും കോട്ടയത്ത്നിന്നും വന്നവരും, ഞാനും കണ്ടത് ഒരേ സൂര്യാസ്തമയം.... ഈ കഴിഞ്ഞ 7 മാസത്തിൽ പോകാൻ കഴിയാത്ത ദൂര യാത്രകളെ ഓർത്ത് ഞാൻ വിഷമിച്ചിരുന്ന എല്ലാ സായാഹ്നങ്ങളിലും ഇതേ സൗന്ദര്യത്തോടെ സൂര്യൻ ഇവിടെ അസ്തമിക്കുന്നുണ്ടായിരുന്നു..... ഇന്ന് മനസ്സിൽ ഉണ്ടായ ഒരു തോന്നൽ സമ്മാനിച്ചത് നല്ലൊരു സായാഹ്നവും, മുന്നോട്ടുള്ള ചെറിയ യാത്രകളുടെ വലിയ സൗന്ദര്യം ആസ്വദിക്കാൻ പാകപ്പെടുത്തിയ ഒരു മനസ്സും ആണ്... "യാത്രയുടെ സൗന്ദര്യം,അത് നമ്മൾ പോകുന്ന ദൂരത്തിൽ അല്ല ആസ്വദിക്കുന്ന രീതിയിൽ ആണ്" 😘 ആനന്ദം സിനിമയിൽ കോളേജ് സ്റ്റുഡന്റ്സ് ഹംപിയിൽ വെച്ച് കണ്ടുമുട്ടുന്ന മദാമ്മ വരെ വർക്കല വന്നിട്ടുണ്ട്....പിന്നെ നമ്മൾ കേരളീയർ എന്തിന് ഇവിടം വിട്ടുകളയണം....
നിങ്ങൾക്കും എത്തിച്ചേരാം ഞങ്ങളുടെ ഈ കൊച്ചു ലോകത്തേയ്ക്ക്.....
വിമാനത്താവളം:- തിരുവനന്തപുരം (51 km)
റെയിൽവേ സ്റ്റേഷൻ : വർക്കല (3km)
റോഡ്:
1.തിരുവനന്തപുരം-ആറ്റിങ്ങൽ-കല്ലമ്പലം-വർക്കല
2.തിരുവനന്തപുരം-കഴക്കൂട്ടം-വേളി-പെരുമാതുറ-അഞ്ചുതങ്ങു-വർക്കല (തീരദേശ റോഡ്)
3.എറണാകുളം-കൊല്ലം-പാരിപ്പള്ളി-വർക്കല
4.എറണാകുളം-കൊല്ലം ബീച്ച്-ഇരവിപുരം-മയ്യനാട്-പരവൂർ-കാപ്പിൽ-ഇടവ-വർക്കല (തീരദേശ റോഡ്)
5.കോട്ടയം-കൊട്ടാരക്കര-ഓയൂർ-പാരിപ്പളളി-വർക്കല
(തീരദേശ റോഡ് വഴി വരുന്നവർക്ക് വേറെയും ഒരുപാടു കാഴ്ചകൾ പ്രകൃതി സമ്മാനിക്കുന്നതായിരിക്കും... ആ സസ്പെൻസ് ഞാൻ പൊളിക്കുന്നില്ല...നിങ്ങൾ വന്ന് കണ്ടുപിടിക്ക്..
അതല്ലേ ഹീറോയിസം...നല്ല കട്ട ഹീറോയിസം 🤓)
©Jithan Ramachandran