വാല്പാറ യാത്ര

തൃശ്ശൂരുള്ള സുഹൃത്തിന്റെ കല്യാണം കൂടാനായി ഓഫീസിലെ ചർച്ചകളിൽ നിന്ന് തുടങ്ങിയ യാത്ര ആയിരുന്നു ഞങ്ങളുടേത് . പുതുക്കാടെത്തി കല്യാണം കൂടിയ ശേഷം തിരുവനന്തപുരത്തെ njangalude ഓഫീസിൽ നിന്ന് transfer വാങ്ങി പോയ ഒരു സുഹൃത്തിന്റെ കൊടകരയിലുള്ള വീട്ടിലേക്ക് പോയി. അവിടുന്ന് സുഹൃത്തിന്റെ അമ്മ തന്നുവിട്ട അരിപ്പത്തിരിയും കള്ളപ്പവും ബ്രെഡും കട്ലെറ്റും ചിക്കൻ കറി യും അത് കഴിക്കാനുള്ള വാട്ടിയ വാഴയിലയും ഒകെ ആ സ്നേഹത്തിനോളം വലുതായിരുന്നു. അവരോടൊക്കെ യാത്ര പറഞ്ഞു ഞങ്ങൾ പൊള്ളാച്ചിയിലേക്ക് തിരിച്ചു. വിചാരിച്ചതിനേക്കാൾ 4 മണിക്കൂറോളം വൈകിയാണ് ഞങ്ങൾ അവിടുന്ന് തിരിച്ചത്.

മലയാള സിനിമകളിൽ കേട്ട് പരിചയിച്ച തേങ്കുറിശ്ശി, ഗോപാലപുരം തുടങ്ങിയ പാലക്കാടൻ ഗ്രാമങ്ങളിലൂടെയും ആലത്തൂരിലെ നെൽപ്പാടങ്ങൾക്കിടയിലൂടെയും അരയാലുകൾ കുട ചൂടിയ നട്ടുവഴികളിലൂടെയും ഞങ്ങൾ മുന്നോട്ട് പോയി. Ksrtc ബസുകളെയും കാറുകളെയും ഓട്ടോറിക്ഷകളെയും ഇരുചക്ര വാഹനങ്ങളെയും കണ്ടു ശീലിച്ച ഞങ്ങളുടെ വാഹനത്തിന് കുതിരാനിലെ ബ്ലോക്കിൽ വലിയ ലോറികളെയും നാട്ടിൻപുറത്തെ കാളവണ്ടികളെയും ഒകെ കടന്ന് പോകേണ്ടി വന്നത് തന്നെ വ്യത്യസ്തമായ അനുഭവങ്ങൾ ആയിരുന്നു.

രാത്രി 8 മണിയോടെ ഞങ്ങൾ പൊള്ളാച്ചിയിലെത്തി അന്ന് അവിടെ താമസിച്ചു. രാവിലത്തെ ഉറക്കക്കുറവും യാത്രാക്ഷീണവും ഒകെ കൊണ്ട് പുറത്തു പോയി കഴിക്കാൻ വയ്യ എന്ന അവസ്ഥയിലാണ് കൊടകരയിൽ നിന്നും അമ്മച്ചി ഞങ്ങൾക്ക് തന്നുവിട്ട സ്നേഹപ്പൊതിയുടെ മൂല്യം ഇരട്ടിയായത് . 7 പേർ തമിഴ് നാട്ടിലെ ആ രാത്രിയിൽ കേരളത്തിന്റെ സുഗന്ധം ഓർമിപ്പിച്ച വാട്ടിയ ഇലയിൽ അമ്മച്ചിയുടെ കൈപ്പുണ്യം ഒന്നിച്ചു ഒരിലയിൽ പങ്കിട്ടു.

6 മണിയോടെ പൊള്ളാച്ചിയിലെ തെരുവുകളിലൂടെ ഞങ്ങൾ വാല്പാറ ലക്ഷ്യമാക്കി നീങ്ങി. പോകുന്ന വഴിയിലെ തെങ്ങിൻ തോപ്പുകളും മറ്റു കൃഷിസ്ഥലങ്ങളും ആളിയാർ ഡാമും മനോഹരങ്ങളായ പാലങ്ങളും സഹ്യപർവ്വത നിരകളും വെള്ളച്ചാട്ടങ്ങളും ഒകെ ആസ്വദിച്ച് ഞങ്ങൾ കളിചിരി പറഞ്ഞു കൊണ്ട് സഞ്ചരിച്ചു. ആളിയാർ ചെക്ക് പോസ്റ്റ് കടന്നു മുന്നോട്ട് പോകുമ്പോൾ ഉള്ള മങ്കി falls വളരെ മനോഹരമായ ഒരു അനുഭവം ആയിരുന്നു. വെള്ളം വീഴുന്ന സ്ഥലത്തു തന്നെ നമുക്കു നിൽക്കാൻ പാകത്തിലുള്ള സൗകര്യം. അവിടെ നിന്നിറങ്ങി ഞങ്ങൾ വണ്ടിയെടുത്തപ്പോൾ തന്നെ ഒരു ഒറ്റയാൻ ഞങ്ങളുടെ കുറുകെ കടന്നു പോയി.

40ഓളം ഹെയർപിൻ വളവുകളിലൂടെ ആളിയാർ ഡാമിലെ സൂര്യോദയവും ഡാമിന്റെ ഭംഗിയും ചുരത്തിന്റെ വശ്യതയും കോടമഞ്ഞും മലനിരകളുടെ പ്രൗഢിയും ആസ്വദിച്ച് ഞങ്ങൾ ചുരം കയറി. നിരുപദ്രവകാരികളായ കുറച്ചു മൃഗങ്ങളെ കണ്ടതൊഴിച്ചാൽ മറ്റ് വന്യ മൃഗങ്ങൾ ഉണ്ടെന്ന ബോർഡ് മാത്രമാണ് അല്പം ഭയം നൽകിയത്. വാല്പാറയിലെത്തി പ്രാതൽ കഴിച്ച ശേഷം നല്ലമുടി വ്യൂ പോയിന്റിലേക്ക് ഞങ്ങൾ പോയി. അല്പം മോശമായ റോഡ് ആയിരുന്നെങ്കിലും എങ്ങോട്ട് നോക്കിയാലും വരിപിടിച്ചു നട്ട തേയിലത്തോട്ടങ്ങളും പൂത്ത വാകമരങ്ങളും മാത്രമായ ആ പാതയിലെ യാത്ര അവിസ്മരണീയം ആണ്. നല്ലമുടിയിലേക്ക് നടന്നു കയറി വ്യൂ പോയിന്റിൽ കുറച്ചു നേരം പ്രകൃതി ഭംഗിയാസ്വദിച്ച ശേഷം ഞങ്ങൾ തിരികെ യാത്രയായി. വരുന്ന വഴികളിൽ എല്ലാം സിനിമകളിൽ മാത്രം കണ്ടിട്ടുള്ള വീടുകളും സ്ഥാപനങ്ങളും. ഒട്ടുമിക്ക തേയിലക്കുന്നിന് മുകളിലും മനോഹരമായ ചില്ലു ജാലകങ്ങൾ ഉള്ള, പൂക്കൾ നിറഞ്ഞ വള്ളിച്ചെടികൾ വേലി തീർത്ത വീടുകൾ. അവയ്ക്ക് ചുറ്റിനും തണലേകി ചെറുമരങ്ങൾ. കാണുന്നതെല്ലാം മനോഹരം.

ഇടയ്ക്കിടെ ചെറു വെള്ളച്ചാട്ടങ്ങൾ. അരുവികൾ. കൊടപെയ്യുന്ന കുന്നിൻ ചെരിവുകൾ. പ്രകൃതി ഒരു ക്യാൻവാസിൽ വരച്ചു വച്ച പോലെ നിശ്ചലമായ നിമിഷങ്ങൾ. ഷോളയാർ ഡാമിന്റെ മനോഹരമായ ദൃശ്യഭംഗിയാസ്വദിച്ചു ഞങ്ങൾ മലക്കപ്പാറയിലേക്ക് തിരിച്ചു. ഉൾക്കാട്ടിലൂടെയായിരുന്നു തുടർന്നുള്ള യാത്ര. ആതിരപ്പള്ളി ലക്ഷ്യമാക്കി ഇടുങ്ങിയ മലമ്പാതയിലൂടെ വാഹനം മുന്നോട്ട് പോയി. വാഴച്ചാലിന്റെ ഭംഗിയാസ്വദിച്ചു ഞങ്ങൾ ആതിരപ്പള്ളിയിൽ എത്തി. ക്രിസ്മസ് അവധിക്കാലത്തിന്റെ അവസാന ദിനമായതിനാൽ വലിയ തിരക്കായിരുന്നു. അതിരപ്പള്ളി വെള്ളച്ചാട്ടത്തിന്റെ മനോഹാരിത അതിന്റെ ഭീകരത തന്നെയാണ് . കുത്തനെയുള്ള പാറക്കെട്ടിനു മുകളിൽ നിന്നുള്ള വെള്ളത്തിന്റെ വീഴ്ച അതിന്റെ ചുവട്ടിൽ നിന്ന് കാണുമ്പോഴാണ് ആസ്വാദനം പരിപൂർണം ആകുന്നത്.

പാറയിൽ തട്ടി ചിതറുന്ന വെള്ളത്തുള്ളികളിൽ തെളിയുന്ന മഴവില്ലിന് പകിട്ടേറെയാണ്. തിരികെ വന്ന ഞങ്ങൾ അവിടെ നിന്നും ആഹാരം കഴിച്ച ശേഷം നാട്ടുകാർ പറഞ്ഞു തന്ന നാട്ടു വഴികളിലൂടെ എണ്ണപ്പന തോട്ടങ്ങൾക്കും ചാലക്കുടി പുഴക്കും അരികിലൂടെ അങ്കമാലിയിലെത്തി. റൂട്ട് : തിരുവനന്തപുരം - തൃശ്ശൂർ - കുതിരാൻ - പൊള്ളാച്ചി - വാല്പാറ - മലക്കപ്പാറ -വാഴച്ചാൽ - അതിരപ്പള്ളി - അങ്കമാലി - idappally - ആലപ്പുഴ - തിരുവനന്തപുരം

Location : 0 , 0 View