കൊട്ടഞ്ചേരി ഹിൽസ്
- Destination
- NuttyWays
- ©
കേരളത്തിലെ കാസർഗോഡ് ജില്ലയിലായി പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലകളാണ് കോട്ടഞ്ചേരി മലകൾ. കാഞ്ഞങ്ങാടിന് ഏകദേശം 45 കിലോമീറ്റർ കിഴക്കായി മലയോര പട്ടണമായ കൊന്നക്കാടിന് അടുത്താണ് ഈ മല. കേരളത്തിന്റെ കൂര്‍ഗ് എന്നറിയപ്പെടുന്ന മാലോം ഗ്രാമത്തിലാണിത്.
സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് കൊട്ടഞ്ചേരി മല ഒഴിവാക്കാനാവില്ല. പ്രശസ്തമായ റാണിപുരം വന്യജീവി സങ്കേതത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ പ്രദേശം. ഇളം നീല നിറമുള്ള ആകാശത്തിനു കീഴെ കാറ്റിലാടുന്ന പുൽ തരികൾ, മരച്ചില്ലകൾ, പക്ഷികളുടെയും കിളികളുടെയും കളകളാരവങ്ങൾ, ചൈത്ര ധാരാ തീർത്ഥമായി കനിഞ്ഞിറങ്ങുന്ന ചൈത്ര വാഹിനി പുഴ. എന്നുവേണ്ട സഞ്ചാരികൾക്കു പ്രകൃതിയുടെ വിരുന്ന് തന്നെയാണ് കോട്ടഞ്ചേരി മല നൽകുന്നത്. പ്രകൃതി നൽകുന്ന ശുദ്ധമായ കുടിവെള്ളം യഥേഷ്ടം ലഭിക്കുമെങ്കിലും കോട്ടഞ്ചേരിയിലേക്ക് വരുന്ന സഞ്ചാരികൾ കൈയിൽ ഭക്ഷണം കരുതണം. ഉത്തര കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്നു എന്ന കാരണത്താല്‍ ശ്രദ്ധേയമായ പുഞ്ചയും മൈക്കയവും വള്ളിക്കൊച്ചിയുമൊക്കെ ഈ ഗ്രാമത്തിലാണ്. സമുദ്രനിരപ്പില്‍ നിന്ന് 3000 അടി വരെ ഉയരത്തിലുള്ളതാണ് ഈ മല നിരകള്‍.
ഉത്തരകേരളത്തിന്റെ ജീവനാഡി എന്നറിയപ്പെടുന്ന തേജസ്വിനി പുഴ ഉത്ഭവിക്കുന്നത് കര്‍ണ്ണാടക വനങ്ങളില്‍ നിന്നാണെങ്കിലും അത് പുഴയെന്ന പൂര്‍ണ്ണതയോടെ ഒഴുകുന്നത് മാലോം ഗ്രാമത്തിന്റെ ഉള്ളങ്ങളിലൂടെയാണ്. കോട്ടഞ്ചേരിയുടെ നെറുകയില്‍നിന്നുള്ള കാഴ്‌ചകള്‍ സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കും. സാഹസിക ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ മലനിരകള്‍ ദൃശ്യ വിസ്‌മയവുമൊരുക്കുകയാണ്. അതിര്‍ത്തി ഗ്രാമമായ കൊന്നക്കാട്ടുനിന്ന് 8 കിലോമീറ്റര്‍ ദൂരം മല കയറണം ഇവിടെയെത്താന്‍. സഞ്ചാരികള്‍ക്ക് വിശ്രമിക്കാന്‍ ഇടമില്ലാത്തതും വാഹനയാത്രയ്‌ക്ക് പറ്റിയ റോഡില്ലാത്തതുമാണ് കോട്ടഞ്ചേരിയിലെത്തുന്നവരുടെ പ്രധാന പ്രശ്‌നങ്ങള്‍. കോട്ടഞ്ചേരിയില്‍നിന്ന് 10 കിലോമീറ്റര്‍ ദൂരം വനയാത്ര ചെയ്‌ത് സാഹസികരായ സഞ്ചാരികള്‍ കര്‍ണാടകത്തിലെ തലക്കാവേരിയിലെത്താറുണ്ട്. ഇവിടെയാണ് ഐതിഹ്യപ്പെരുമയുള്ള കാവേരി നദിയുടെ ഉത്‌ഭവവും ക്ഷേത്രവുമുള്ളത്. പച്ചപ്പ് നിറഞ്ഞ ഒന്നിലേറെ മടിത്തട്ടുകളാൽ മനോഹരമായ കുന്നിൻ ചെരിവുകളും കൂറ്റൻ പാറക്കല്ലുകളും അവിടങ്ങളിലായി ഒറ്റപെട്ടു കിടക്കുന്ന കൊച്ചു കൊച്ചു മരങ്ങളും കോട്ടഞ്ചേരിയുടെ പ്രത്യേകതകളാണ്. കാസർകോട് ഭാഗത്തു നിന്നും വരുന്ന വിനോദ സഞ്ചാരികൾക്കു ദേശീയ പാതയിലെ മാവുങ്കാലിൽനിന്നും ഒടയംചാൽ വെള്ളരിക്കുണ്ട് വഴിയും കണ്ണൂർ ഭാഗത്തു നിന്നുള്ളവർക്ക് നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്നും ഭീമനടി ചിറ്റാരിക്കാൽ റൂട്ടിലും എളുപ്പത്തിൽ എത്താം. കൊന്നക്കാട് മുടോംകടവ് വരെ വീതിയുള്ള നല്ല റോഡുണ്ട്. മലമുകളിലെ സൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികൾ കൊന്നക്കാട് നിന്നും ജീപ്പിലാണ് ഇവിടേക്ക് എത്തുന്നത്.