ഗവി

പത്തനംതിട്ട ജില്ലയിലെ ഒരു നിത്യഹരിത വനപ്രദേശമാണ് ഗവി. സമുദ്രനിരപ്പില്‍നിന്ന് 3,400 അടി ഉയരത്തിലാണ് തണുപ്പില്‍ പുതച്ചുറങ്ങുന്ന ഗവി സ്ഥിതി ചെയ്യുന്നത്. കൊടുംവേനലില്‍ പോലും വൈകിട്ടായാല്‍ ചൂട് 10 ഡിഗ്രിയിലേക്ക് എത്തുന്ന പ്രദേശമാണിത്.പുലിയും കടുവയുമടക്കം എല്ലാവിധ വന്യമൃഗങ്ങളുമുള്ള അധികം മനുഷ്യസ്പര്‍ശമേല്‍ക്കാത്ത കാടുകളില്‍ ഒന്നാണിത്.പണ്ട് ശ്രീലങ്കന്‍ അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാനായി തുടങ്ങിയ കൃഷിയും ഇപ്പോള്‍ വിനോദസഞ്ചാരവുമാണ് ഗവിയുടെ ജീവിതം.

കുന്നിനു വെള്ളി അരഞ്ഞാണം കെട്ടി എന്ന പോലെ ഒഴുകുന്ന പാലരുവികള്‍,സ്വാതന്ത്ര്യം വിളിച്ചോതുന്ന പക്ഷി മൃഗാധികള്‍,രാത്രിയാകുമ്ബോഴേക്കും കോട മഞ്ഞു വീണു ഹെയര്‍ പിന്‍ ബെന്റുകള്‍ കാണാതാകും.പിന്നെ കേള്‍ക്കുന്നത് പക്ഷികളുടെ കൂടണയല്‍ ശബ്ദത്തിനൊപ്പം കേള്‍ക്കുന്ന പ്രകൃതിയുടെ താരാട്ട്.മാനും സിംഹവാലന്‍ കുരങ്ങും, വരയാടും, മലമുഴക്കി വേഴാമ്ബലും ഇരുന്നൂറു തരം പക്ഷികളും ചിത്രശലഭങ്ങളുമെല്ലാം സഞ്ചാരിയുടെ മനസ്സിന് ചേക്കേറുവാന്‍ ഓര്‍മയുടെ തുരുത്തുകളൊരുക്കുന്നു. തേക്കടിയുടെ വന്യത ഏറ്റവും ഗാഢമായി അനുഭവിക്കാനാകുന്ന സ്ഥലങ്ങളിലൊന്നു കൂടിയാണ് ഗവി.

പുല്‍മേടുകളാല്‍ സമൃദ്ധമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത.അതുപോലതന്നെ കേരളത്തില്‍ ആന,കടുവ,പുലി,കരടി തുടങ്ങിയ ജൈവ വൈവിധ്യങ്ങളെ ഒരുമിച്ച്‌ കാണാന്‍ കഴിയുന്ന അപൂര്‍വ്വം ചില വന പ്രദേശങ്ങളില്‍ ഒന്നുകൂടിയാണ്‌ ഗവി. കിലോമീറ്ററുകളോളം നീളത്തില്‍ കാടിന്‍റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളില്‍ പലര്‍ക്കും ഒരു നവ്യാനുഭവമാകും.

ആനക്കൂട്ടങ്ങള്‍ക്ക് പുറമേ നീലഗിരി താര്‍ എന്ന വരയാട്, സിംഹവാലന്‍ കുരങ്ങ് എന്നിവ കാട്ടില്‍ വിഹരിക്കുന്നു. മലമുഴക്കി വേഴാമ്ബലും ചിത്രശലഭക്കൂട്ടങ്ങളും വേറെ.കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച്‌ മറ്റ് ശല്യങ്ങളൊന്നുമില്ലാതെ കാടിനുള്ളിലെ ടെന്റില്‍ താമസിക്കാനും അവസരമുണ്ട്.ഗവിയുടെ പച്ചപ്പും തണുപ്പും തന്നെയാണ് ഇവിടേക്ക് സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനഘടകം.

അരുവികളും കൊക്കകളും താഴ്‌വരകളും എക്കോ പോയിന്റുകളും പുല്‍മേടുകളുമൊക്കെയായി ഗവി സഞ്ചാരികളുടെ മനംമയക്കുന്നു ഗവിയിലെ നദീ തടങ്ങളിലൂടെയുള്ള യാത്രകള്‍, ബോട്ടിംഗ്, ജംഗിള്‍ സഫാരി എന്നിവ മനോഹരമായ ഒരു ദിനം സമ്മാനിക്കും എന്നതില്‍ സംശയം വേണ്ട. സഞ്ചാരികള്‍ക്ക് എല്ലാ വിധ സുരക്ഷയും നല്‍കി കൊണ്ട് വനപാലകരും കൂടെ ഉണ്ട്. വനം വകുപ്പിന്‍റെ ടൂറിസം പദ്ധതിയുടെ ഭാഗമാണ് ഗവി. ശബരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച എട്ട് തടാകങ്ങളില്‍ ഒന്ന് ഗവിക്ക് സ്വന്തം. കാട് എന്ന വാക്കില്‍ നിറയുന്ന നിഗൂഡതയുടെ സൗന്ദര്യം എന്തെന്ന് അറിയണമെങ്കില്‍ ഗവിയെ അടുത്തറിയണം.

Location : 9.4357292 , 77.1594717 View