ധോണി വെള്ളച്ചാട്ടം

ധോണി മലനിരകളും, ധോണി വെള്ളച്ചാട്ടവും പുറംലോകത്തിനു അത്ര സുപരിചിതമല്ല, അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടെത്തിയാല്‍ ധോണി വെള്ളച്ചാട്ടം കാണാതെ പോകരുത്. മലമ്പുഴ കാണാൻ പോകുന്നവർക്ക് കാണാൻ പറ്റിയ ഒരിടമാണ് ധോണി വെള്ളച്ചാട്ടം. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി.

വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്. ട്രക്കിങ്ങില്‍ താല്‍പര്യമുള്ളവര്‍ക്ക് പറ്റിയ സ്ഥലമാണിത്. 3 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ട്രക്കിങ്ങിനുപറ്റിയതാണ് ഈ സ്ഥലം. ധോണി മലയുടെ മുകളിലേയ്ക്കാണ് ട്രക്കിങ് ട്രെയിലുള്ളത്. വനത്തിനുള്ളിലൂടെയാണ് മലമുകളിലേയ്ക്കുള്ള വഴി, തീര്‍ത്തും വ്യത്യസ്തമായ ഒരു അനുഭവം തന്നെയായിരിക്കും ഈ മലകയറ്റം. മഴക്കാലം കഴിഞ്ഞ ഉടനെയുള്ള സമയം അതായത് സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ ഒക്കെയാണ് വെള്ളച്ചാട്ടം സന്ദര്‍ശിയ്ക്കാന്‍ പറ്റിയ സമയം. അപ്പോള്‍ മാത്രമേ വെള്ളച്ചാട്ടത്തിന്റെ മുഴുവന്‍ ഭംഗിയും ആസ്വദിക്കാന്‍ കഴിയൂ. വേനലാകുമ്പോഴേയ്ക്കും വെള്ളത്തിലെ അളവു കുറയും. . കാടിനെ ഇഷ്ടപ്പെടുന്നവർക്കും, ട്രെക്കിങ് കമ്പം ഉള്ളവർക്കും പോകാൻ പറ്റിയ ഒരു സ്‌ഥലമാണിത് .

രാവിലെ ഒൻപതു മണി മുതൽ വൈകീട്ട് 3 മണി വരെ മാത്രമാണ് സന്ദർശന സമയം . നൂറു രൂപ പ്രവേശന പാസ്സ് എടുത്താൽ നമുക്ക് കാട്ടിനുള്ളിൽ പ്രവേശിക്കാം . കർശന പ്ലാസ്റ്റിക് നിരോധന മേഖല കൂടിയാണിത് . അടിവാരത്തു നിന്ന് നാലര കിലോമീറ്റർ കാടിനുള്ളിലൂടെ നടന്നു വേണം വെള്ളച്ചാട്ടത്തിനു അടുത്ത് എത്താൻ .

ആന,പുള്ളിപ്പുലി,കടുവ , വേഴാമ്പലുകൾ, കരടി, കാട്ടുപോത്ത് , വിവിധ തരം ചിലന്തി... തുടങ്ങിയ വന്യ ജീവികൾ ഈ കാട്ടിൽ ഉണ്ട്. പോകുന്ന വഴിയില്‍ നമുക്കു ആന പിണ്ടിയും , ആന നടന്ന കാല്പാടുകളൊക്കെ കാണാൻ കഴിയും , രാത്രി സമയങ്ങളിൽ മാത്രമേ ഈ വന്യ ജീവികൾ പുറത്തു ഇറങ്ങാറുള്ളതെന്നാണ് വനപാലകർ പറഞ്ഞത് . ഈ വനപാതയിലൂടെ ഉള്ള നടത്തം അല്ലാതെ ഇവിടേയ്ക്ക് എത്തിച്ചേരാൻ നമുക്കു വേറെ മാർഗം മാർഗ്ഗമൊന്നുമില്ല. കുത്തനെ ഉള്ള പാറകൾ ഉള്ളതിനാൽ അപകട സാധ്യത ഇവിടെ കൂടുതൽ ആണ് . അതുകൊണ്ട് വെള്ളച്ചാട്ടത്തിൽ ചാടി തിമിർക്കാം എന്ന മോഹം ആയി ആരും ഈ മല കയറേണ്ട, അതിനു വനപാലകർ സമ്മതിക്കില്ല. വെള്ള ചാട്ടത്തിനു സമീപം ഇപ്പോൾ സുരക്ഷക്കായി ടൂറിസം വകുപ്പ് കൈവരികളും , ഏറു മാടവും മറ്റും സ്‌ഥാപിച്ചിട്ടുണ്ട്

Map : View

Location : 0 , 0 View