തട്ടേക്കാട്‌

വെള്ളത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന വനപ്രദേശത്തോടുകൂടിയ ഒരു മുനമ്പാണ് തട്ടേക്കാട്. പക്ഷി നിരീക്ഷകരേയും സഞ്ചാരികളേയും ആകർഷിക്കുന്ന തട്ടേക്കാട് ഒരു വിനോദസഞ്ചാരകേന്ദ്രമെന്ന നിലയിൽ പ്രസിദ്ധിയാകർഷിച്ചിട്ടുണ്ട്.

25.16 ച.കി.മി വിസ്തീർണ്ണമുള്ള ഈ പ്രദേശം പലവംശത്തിലുള്ള നാട്ടുപക്ഷികളുടെ ആവാസവ്യവസ്ഥയും കേരളത്തിലെ പ്രശസ്തമായ പക്ഷിസങ്കേതവുമാണ്‌. അവകൂടാതെ പലതരം ദേശാടനപക്ഷികളും കാലാകാലങ്ങളിൽ ഇവിടെ എത്തുന്നു. പ്രശസ്ത ഇന്ത്യൻ പക്ഷിശാസ്ത്രജ്ഞനായ ഡോ. സാലിം അലി പക്ഷിനിരീക്ഷണത്തിനായി പലതവണ ഇവിടെ എത്തിയിരുന്നു.

1950 കളിൽ തന്നെ ഇവിടം ഒരു പക്ഷിസങ്കേതമാക്കണം എന്ന് അദ്ദേഹം ശുപാർശ ചെയ്തിരുന്നു. 1970-കളിൽ സാലിം അലി പ്രദേശത്തു നടത്തിയ സർവേയ്ക്കു ശേഷമാണ് പക്ഷിസങ്കേതമാക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിലായത്. അദ്ദേഹത്തോടുള്ള ബഹുമാനാർത്ഥമാണ്‌ ഈ പക്ഷിസങ്കേതത്തിന്‌ ഡോ. സാലിം അലി പക്ഷിസങ്കേതം എന്ന് നാമകരണം ചെയ്തിരിക്കുന്നത്‌.

ഇന്ന് ഇവിടെ ദേശാടകരടക്കം 330 ഇനം പക്ഷികൾ ഉണ്ടെന്നാണ്‌ കരുതുന്നത്‌. വെള്ളിമൂങ്ങ, മലബാർ കോഴി, കോഴി വേഴാമ്പൽ, തീക്കാക്ക തുടങ്ങി നിരവധി അപൂർവ്വ പക്ഷികളെ പ്രദേശത്തു കണ്ടുവരുന്നു. ലോകത്തു തന്നെ അപൂർവ്വങ്ങളായ തവളവായൻ കിളി (മാക്കാച്ചിക്കാട - Ceylon Frogmouth) മുതലായ പക്ഷികളേയും ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ഏഴു ഗ്രാം മുതൽ മൂന്നരകിലോഗ്രാം വരെ ഭാരമുള്ള പക്ഷികളെ പ്രദേശത്തു കാണപ്പെടുന്നു. എന്നാൽ മയിൽ ഈ പ്രദേശത്ത് ഉണ്ടാവാറില്ല.

വനങ്ങളിൽ പക്ഷികൾക്കു പുറമേ ശലഭങ്ങളും, ആന, കടുവ, കാട്ടുപന്നി, കാട്ടുപൂച്ച, കാട്ടുനായ്‌, നാടൻകുരങ്ങ്‌, പുലി, മാൻ, കുട്ടിത്തേവാങ്ക്, കാട്ടുപോത്ത്, ഉടുമ്പ്, ഈനാംപേച്ചി, മ്ലാവ്‌, കേഴമാൻ, കൂരമാൻ, കീരി, മുള്ളൻ പന്നി, മരപ്പട്ടി, ചെറുവെരുക്‌, മലയണ്ണാൻ, കരടി മുതലായ മൃഗങ്ങളും, കുഴിമണലി മുതൽ പെരുമ്പാമ്പും, രാജവെമ്പാലയും വരെ ഉള്ള ഉരഗങ്ങളും സങ്കേതത്തിലുണ്ട്‌. നദികളിലും മറ്റുജലാശയങ്ങളിലും ഉള്ള കനത്ത മത്സ്യസമ്പത്തും പക്ഷികൾക്ക്‌, പ്രത്യേകിച്ച്‌ നീർപക്ഷികൾക്ക്‌ ഇവിടം പ്രിയപ്പെട്ട സ്ഥലമാക്കിയിരിക്കുന്നു.

Location : 10.13830445 , 76.69347053296391 View