പാഞ്ചാലിമേട്

ഇടുക്കി ജില്ലയിലെ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് പാഞ്ചാലിമേട്. സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിലാണ് പാഞ്ചാലിമേടിന്റെ സ്ഥാനം. കോട്ടയം - കുമളി പാതയിലെ മുറിഞ്ഞപുഴയിൽ നിന്നും ഏകദേശം നാലു കിലോമീറ്റർ ദൂരെയായാണ് പാഞ്ചാലിമേട് സ്ഥിതി ചെയ്യുന്നത്. കോട്ടയത്ത് നിന്നും വരുമ്പോൾ, മുണ്ടക്കയം-തെക്കേമല വഴിയും ഇവിടെ എത്തിച്ചേരാം.

പൊന്നമ്പലമേട്ടിൽ തെളിക്കുന്ന മകരവിളക്ക് പാഞ്ചാലിമേട്ടിൽ നിന്നും വ്യക്തമായി കാണാം. ഇത് കാണുന്നതിനായി ആയിരക്കണക്കിനാളുകൾ ഇവിടെ വന്നു ചേരുന്നു. ഇവിടെ പാണ്ഡവർ താമസിച്ചിരുന്നു എന്നാണ് കരുതുന്നത്. മുകളിലെ മൊട്ടക്കുന്നുവരെയും റോഡ് ഉണ്ട്, ബാക്കി അരക്കിലോമീറ്റർ ഒറ്റയടിപ്പാതയാണ്

ഐതിഹ്യങ്ങളൊളിപ്പിച്ചു വെച്ചിരിക്കുന്ന സുന്ദരി, അതാണ്‌ പാഞ്ചാലിമേട്... പാഞ്ചാലിക്കുളവും, അവിടുള്ള ക്ഷേത്രവും, പാണ്ഡവർ ഭക്ഷണം പാകം ചെയ്യാനുപയോഗിച്ച അടുപ്പുകല്ലുകൾ എന്ന് വിശ്വസിക്കുന്നവയുമെല്ലാം ഇവിടെ കാണാം. ഐതിഹ്യങ്ങൾ മാറ്റി നിർത്തിയാൽ ഒരു സഞ്ചാരിക്ക് ആസ്വദിക്കുവാൻ പറ്റിയ നിരവധി കാഴ്ചകളുടെ ഒരു സ്വർഗം തന്നെയാണ് പാഞ്ചാലിമേട്. മലനിരകളും, സാഹസികമായ ഗുഹാകവാടവും കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന താഴ്‌വാരഭംഗിയും കോടമഞ്ഞും കാറ്റും സൂര്യോദയവും സൂര്യാസ്തമയവുമെല്ലാം പാഞ്ചാലിമേടിനെ അണിയിച്ചൊരുക്കുന്നു.വൈകിട്ട് സമയങ്ങളിൽ നല്ല കാറ്റും കോടമഞ്ഞും ആസ്വദിക്കാൻ പറ്റും.

Location : 9.5293037 , 76.9729472 View