പാൽചുരം വെള്ളച്ചാട്ടം

വേനൽ ചൂടിൽ(മാർച്ച് വരെ)കുളിരണിയാൻ കുളിപ്രേമികൾക്ക് ധൈര്യസമേതം പോകാവുന്നിടമാണ് മാനന്തവാടി -തലശ്ശേരി റൂട്ടിലുള്ള പാൽ ചുരം വെള്ളച്ചാട്ടം. സഞ്ചാരികളുടെ വയനാട്ടിലെ ഇഷ്ടമൺസൂൺ ഡെസ്റ്റിനേഷനായ ബോയ്സ് ടൗണിനടുത്ത് കൊട്ടിയൂരിലേക്കുള്ള വഴിയിലാണ് ഈ വെള്ളച്ചാട്ടം.

വയനാടിനടുത്താണ് ഈ വെള്ളച്ചാട്ടമെങ്കിലും ജില്ല കൊണ്ട് കണ്ണൂരിലായത് കൊണ്ടാവാം വയനാടൻ യാത്രാ ശേഖരണങ്ങളിലൊന്നും ഇന്നുവരെ സഞ്ചാരികളാരും കാണാതെ പോയത്.

ചുരത്തിനുള്ളിലൂടെ അൽപ്പം ഓഫ്‌ റോഡ് ഡ്രൈവ് നടത്തി ഒരു കിലോമീറ്ററിൽ താഴെ കാടിനുള്ളിലൂടെ നടന്നാൽ വേനലിലും അതിശയിപ്പിക്കുന്ന ഈ വെള്ളച്ചാട്ടത്തിനരികെയെത്താം. മതി വരുവോളം മുകളിൽ നിന്ന് വന്ന് പതിക്കുന്ന പാൽ നുരകളുടെ തലോടൽ കൊണ്ട് ദേഹമാസകലം തണുപ്പിക്കാൻ അപകടം കൂടാതെ കഴിയുമെന്നതു തന്നെയാണ് ഒട്ടും പ്രശസ്തമല്ലാത്ത പാൽചുരം വെള്ളച്ചാട്ടത്തെ വ്യത്യസ്തമാക്കുന്നത്. മാത്രമല്ല മുകളിൽ നിന്ന് താഴേക്ക് വന്ന് പതിക്കുന്ന വെള്ളച്ചാട്ടം താഴെ നീന്തി കുളിക്കുവാൻ പാകത്തിൽ അധികമെങ്ങും പോവാതെ വലിയ കുഴിയിൽ വന്നു പതിക്കുകയും ചെയ്യുന്നു

Location : 11.8485135 , 75.9195067 View