കാഞ്ഞിരപ്പുഴ ഡാം

മണ്ണാര്‍ക്കാടു നിന്നു പന്ത്രണ്ടു കിലോമീറ്റര്‍ യാത്ര.പാലക്കാട്‌ നഗരത്തിൽ നിന്ന് 40കിലോമീറ്റർ അകലത്തിൽ ഇതു കാഞ്ഞിരപ്പുഴ. വാക്കോടന്‍ മലയുടെ താഴ്വാ രത്തിലെ മനോഹരമായ ഭൂമി. എത്രയോ പ്രദേശങ്ങളെ വെള്ളം മുട്ടാതെ കാക്കുന്ന കാഞ്ഞിരപ്പുഴ ഡാം. അതിനോടു ചേര്‍ന്ന മനോഹര മായ ഒരു പൂന്തോട്ടം. വീട്ടുകാരുമൊത്ത് ഒരൊറ്റ ദിവസത്തെ യാത്ര പ്ലാന്‍ ചെയ്യാവുന്ന ഡെസ്റ്റിനേഷന്‍.

പാലക്കാട്ട് - കോഴിക്കോട് റൂട്ടില്‍ മണ്ണാര്‍ക്കാട് എത്തുന്നതിനു മുമ്പു ചിറക്കല്‍പ്പടിയില്‍ നിന്നു വലത്തേയ്ക്കുള്ള റോഡ്. ഡിവൈഡറില്‍ കുത്തിനിറുത്തിയിട്ടുള്ള പച്ച ബോര്‍ഡ് വഴി കാണിക്കുന്നു. കാഞ്ഞിരപ്പുഴ ഡാം, 8 കി.മീ. റബര്‍ തോട്ടങ്ങള്‍ക്കു നടുവിലെ ടാറിട്ട റോഡിലൂടെ അമ്പാഴക്കോടും കാഞ്ഞിരവും കടക്കുമ്പോഴേയ്ക്കും ആകാശത്തിന്‍റെ വടക്കേ ചെരുവില്‍ അട്ടപ്പാടി മലയുടെ പച്ചപ്പ് തെളിയും. കിഴക്കു ഭാഗത്തു പാലക്കയം. വടക്കു കിഴക്കേ മൂലയില്‍ ഇരുമ്പകച്ചോല. തെക്ക് വാക്കോടന്‍ മല. ഈ മലകളില്‍ ഉറവയിടുന്നത് ആറേഴു പുഴകള്‍. ആ നീരൊഴുക്കു നിറയുന്നിടത്ത് ഒരു അണക്കെട്ട്. അതിനു താഴെ പുല്‍മേടുകള്‍ നികത്തി ടൂറിസം ഡിപ്പാര്‍ട്ട്മെന്‍റൊരുക്കിയ ഉദ്യാനം. 

Location : 10.8853078 , 76.4449691 View