അരീക്കൽ വെള്ളച്ചാട്ടം

മഴ ചെറുതായി പെയ്യാൻ തുടങ്ങുമ്പോൾ തന്നെ സജീവമാകുന്നതാണ് അരീക്കൽ വെള്ളച്ചാട്ടം. മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് സുരക്ഷിതത്വം വളരെ കൂടുതലാണ് ഇവിടെ. മഴയുടെ ശക്തി കൂടുന്തോറും അരീക്കൽ വെള്ളച്ചാട്ടത്തിന്റെ വന്യതയും സൗന്ദര്യവും ഒന്നിനൊന്നായി കൂടുകയാണ് ചെയ്യുന്നത്. മറ്റു സമയങ്ങളിലും ഇവിടെ വെള്ളച്ചാട്ടം ഉണ്ടെങ്കിലും മഴക്കാലത്തിന്റെത്രയും ഭംഗിയിൽ കാണാൻ സാധിക്കില്ല.

എറണാകുളം ജില്ലയിലെ പിറവം പാമ്പാക്കുട പഞ്ചായത്തിലാണ് സഞ്ചാരികൾക്ക് അധികമൊന്നും അറിയില്ലാത്ത ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പിറവം പിറമാടം-വെട്ടിമൂട് റൂട്ടിലാണ് ഇതുള്ളത്.

70 അടിയിലേറെ മുകളിൽ നിന്നും പാറക്കെട്ടുകളിൽ തട്ടിച്ചിതറിയാണ് ഇവിടെ വെള്ളച്ചാട്ടം താഴേക്കെത്തുന്നത്. ഇതിനിടയിൽ മൂന്നു തട്ടുകളിലും ഇത് പതിക്കുന്നുണ്ട്. മൂന്നാമത്തെ തട്ടിന്റെ താഴെയായി നിർമ്മിച്ചിരിക്കുന്ന തടയണയുള്ള ഭാഗമാണ് സഞ്ചാരികൾക്ക് ഇറങ്ങാൻ പാകത്തിനുള്ളത്. ചില സമയങ്ങളിൽ പാറകൾക്ക് വഴുക്കലുണ്ടെങ്കിലും അപകടഭീതിയില്ലാതെ ഇവിടെ ഇറങ്ങാം.

മണ്ഡലം മല,നവോലമറ്റം, പിറമാടം തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് വെള്ളം ഇവിടെയെത്തുന്നത്. കരിങ്കല്ലുകൾ പാകിയൊരുക്കിയിരിക്കുന്ന നടവഴി യാത്രക്കാരെ വെള്ളച്ചാട്ടത്തിനടുത്തേയ്ക്ക് നയിക്കും. രണ്ടു തരത്തിൽ ഇവിടെ വെള്ളച്ചാട്ടം ആസ്വദിക്കുവാൻ സാധിക്കും. മുകളിൽ നിന്നും താഴേക്ക് ഇറങ്ങിവന്നും താഴെ നിന്നും മുകളിലേക്ക് കയറിയും വെള്ളച്ചാട്ടം പൂർണ്ണമായും ആസ്വദിക്കാം. എങ്ങനെ വെള്ളച്ചാട്ടം കണ്ടാലും അതിൽ ഇറങ്ങി നിന്നും കാണുന്നത്ര ഭംഗി കരയിലെ കാഴ്ചയിൽ നിന്നും ലഭിക്കില്ല എന്നതാണ് സത്യം. ഒരു വശത്ത് ആകാശത്തെ പോലും മറയ്ക്കുന്ന രീതിയിൽ വളർന്നു നിൽക്കുന്ന കാടും കാട്ടു മരങ്ങളും ഇവിടുത്തെ വന്യത ഒരല്പം കൂട്ടുന്നുണ്ടെങ്കിലും അതുതന്നെയാണ് ഈ പ്രദേശത്തിന്റെ ഭംഗി എന്നു പറയാം,

വെള്ളച്ചാട്ടം കാണാനെത്തുന്നവർക്ക് ഇവിടെ നാടൻ ഭക്ഷണവും ആസ്വദിക്കുവാനുള്ള സൗകര്യമുണ്ട്. ഷാപ്പ് അടങ്ങുന്ന സമീപത്തെ റസ്റ്റോറന്റ് വ്യത്യസ്തമായ രുചികളാണ് ഇവിടെ എത്തുന്നവർക്ക് നല്കുന്നത്

നടക്കാവ്-കൂത്താട്ടുകുളം റോഡിൽ കാക്കൂർ കൂരാപ്പിള്ളി കുരിശ് ബസ്സ്റ്റോപ്പിൽ നിന്നും മൂന്നു കിലോമീറ്റർ അകലെയാണ് അരീക്കൽ വെള്ളച്ചാട്ടമുള്ളത്.  വെള്ളച്ചാട്ടത്തിനു സമീപത്തെത്താൻ നൂറോളം പടിക്കെട്ടുകൾ ഇറങ്ങണമെന്നു പറഞ്ഞല്ലോ... അതിനു ബുദ്ധിമുട്ടുള്ളർക്ക് മറ്റൊരു വഴിയുണ്ട്. പാമ്പാക്കുട പിറമാടം റോഡും ,കാക്കൂർ അരീക്കൽ റോഡുമായി ബന്ധിപ്പിക്കുന്ന കനാൽ 'ബണ്ട് റോഡ് തെരഞ്ഞെടുത്താൽ പടിക്കെട്ടുകൾ ഒഴിവാക്കി നേരിട്ട് വെള്ളച്ചാട്ടത്തിനടുത്തെത്താൻ സാധിക്കും.

ജില്ല ഗ്രാമ പഞ്ചായത്തുകൾ സംയുക്തമായി സഞ്ചാരികൾക്ക് വേണ്ട സൗകര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. വെള്ളച്ചാട്ടം കാണാൻ വ്യൂ പോയിന്റ്, ടൊയ്ലറ്റ്, റോഡിൽ നിന്നും ഇറങ്ങിവരാൻ കൈപ്പിടികളോടെയുള്ള പടിക്കെട്ടുകൾ, തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.പത്തു രൂപയാണ് മുതിർന്നവർക്ക് ഫീസ്.കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. മറ്റ് വെള്ളച്ചാട്ടങ്ങളെ അപേക്ഷിച്ച് അപകട സാധ്യത കുറവാണിവിടെ.

Location : 9.9181486 , 76.5372215 View