മല്ലീശ്വരമുടി
- Destination
- NuttyWays
- ©
മല്ലീശ്വരമുടി എന്നാൽ ശിവന്റെ തിരുമുടി എന്നാണർത്ഥം. ആ നിലയിൽ തന്നെയാണ് ഈ മലക്ക് ആ പേര് വന്നു ചേർന്നത്.. അട്ടപ്പാടിയിലെത്തുന്നവർക്ക് ഈ മലയെ ദർശിക്കാതിരിക്കാനാവില്ല. അട്ടപ്പാടി എന്ന ഭൂമികയുടെ കാവലാളും, കാലസാക്ഷിയുമാണ് ഈ മല. അട്ടപ്പാടിക്ക് അഷ്ടബന്ധ ബലരൂപമായി അതിശയകരമായി, അനശ്വരമായി, നിലകൊള്ളുന്ന ഈ മഹാമല -മലയോര താഴ്വരയിലെ ആദിവാസികൾ ഉൾപ്പെടെയുള്ള ജനസാമാന്യത്തെ സംബന്ധിച്ചിടത്തോളം ഒരു മല മാത്രമല്ല അത് ഒരു ദിവ്യപ്രതീകവും പ്രത്യക്ഷ ദൈവിക ശക്തിയും ചൈതന്യഭാവവും, ദൃശ്യവിസ്മയവുമൊക്കെയാണ്.
സാക്ഷാൽ ശിവഭഗവാന്റെ ജഡമൂടിയ ശിരസ്സായും, ഒഴുകുന്ന ഗംഗയേയും, ചന്ദ്രക്കലയും ധരിച്ചുള്ള ഗിരസ്സോടുകൂടി ഗംഗാധരനായും, ചന്ദ്രക്കലാധരനായും ഓരോ ഭാഗത്തു നിന്നുള്ള കാഴ്ചയിൽ ഈ മല നമ്മെ തോന്നിപ്പിക്കും..
ചില നേരത്ത് ചില ഭാഗത്ത് കാണുന്നത് 'ശിവൻ നീണ്ടു നിവർന്ന് കിടക്കുന്ന രൂപമായും ആണ്. അത് കൊണ്ടു തന്നെയാണ് ഈ മലക്ക് മല്ലീശ്വരമുടി എന്നു പേര് വരാനിടയായതും ഈ മലയുടെ - മുടിയുടെ - വിദൂരമായ ദർശനം ഒന്നു മാത്രം മതി ആദ്ധ്യാത്മികതയുടെ ആന്തരീകഭാവവും അവിസ്മരണീയമായ മിത്തുകളും മറ്റും നമ്മിൽ ജനിപ്പിക്കാൻ .
കിഴക്കനട്ടപ്പാടിയിലേയും പടിഞ്ഞാറൻ അട്ടപ്പാടിയിലേയും കാലാവസ്ഥ നിയന്ത്രിക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കന്നത് ഈ മലയുടെ നിൽപ്പും സ്ഥാനവും തന്നെയാണ്.. വിശ്വപ്രസിദ്ധമായ സൈലൻറ് വാലി മഴക്കാടുകളുടെ തനതായ നിലനിൽപ്പിനും കാരണം ഈ മല്ലീശ്വര മുടിയും അതിനോട് ചേർന്ന നീലഗിരി മലനിരകളം തന്നെയാണ്. അട്ടപ്പാടിയിലെ ആചാരങ്ങളും, അനുഷ്ടാനങ്ങളും ഈ മലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അട്ടപ്പാടിയുടെ തിലകക്കുറിയാണ് മല്ലീശ്വരമുടി. വെള്ളിമേഘങ്ങൾ ഈ മുടിയെ വലം വെച്ച് മഞ്ഞിൽ അഭിഷേകം ചെയ്യന്നതായും കാറ്റിലാടുന്ന ഇലകളും, പുൽനാമ്പുകളും മറ്റും നമശിവായ എന്ന മന്ത്രം ഉരുവിടുന്നതായും ചിലപ്പോൾ തോന്നിപ്പോകും. ഭവാനിപുഴ ഈ മലയെ ഭാഗീകമായി വലംവക്കുന്നു